വാഷിംഗ്ടണില്‍ വന്‍ ഡേകെയര്‍ തട്ടിപ്പ്: ലക്ഷക്കണക്കിന് ഡോളര്‍ തട്ടിയെടുത്ത സ്ഥാപനം നിലവിലില്ലെന്ന് റിപ്പോര്‍ട്ട്

By: 600002 On: Jan 2, 2026, 8:20 AM



 

പി പി ചെറിയാന്‍

വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കയിലെ വാഷിംഗ്ടണ്‍ സ്റ്റേറ്റില്‍ കുട്ടികള്‍ക്കായുള്ള ഡേകെയര്‍ സെന്ററുകളുടെ പേരില്‍ വന്‍ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി അന്വേഷണ റിപ്പോര്‍ട്ട്. സൊമാലിയന്‍ വംശജര്‍ നടത്തുന്നതെന്ന് അവകാശപ്പെടുന്ന ഒരു ഡേകെയര്‍ സെന്റര്‍ 2025-ല്‍ മാത്രം 2,10,000 ഡോളര്‍ (ഏകദേശം 1.75 കോടി രൂപ) സര്‍ക്കാര്‍ ഫണ്ട് കൈപ്പറ്റിയെങ്കിലും, അങ്ങനെയൊരു സ്ഥാപനം അവിടെ പ്രവര്‍ത്തിക്കുന്നില്ലെന്ന് മാധ്യമപ്രവര്‍ത്തകര്‍ കണ്ടെത്തി.

മാധ്യമപ്രവര്‍ത്തകരായ കാം ഹിഗ്ബിയും ജോനാഥന്‍ ചോയും നടത്തിയ അന്വേഷണത്തിലാണ് 'ദഗാഷ് ചൈല്‍ഡ് കെയര്‍'  എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനം വ്യാജമാണെന്ന് തെളിഞ്ഞത്.

ഡേകെയര്‍ പ്രവര്‍ത്തിക്കുന്നതായി രേഖകളിലുള്ള വീട്ടിലെത്തിയപ്പോള്‍, അവിടെ താമസിക്കുന്ന സ്ത്രീ തനിക്ക് അങ്ങനെയൊരു ബിസിനസ് ഇല്ലെന്നും അവിടെ കുട്ടികള്‍ വരുന്നില്ലെന്നും വെളിപ്പെടുത്തി.

മാസം 3,500 ഡോളര്‍ വാടകയുള്ള ഈ വീട്ടില്‍ കുട്ടികള്‍ വരുന്നതായി കണ്ടിട്ടില്ലെന്നും ഒരു കുട്ടി മാത്രമാണ് അവിടെയുള്ളതെന്നും അയല്‍ക്കാര്‍ സാക്ഷ്യപ്പെടുത്തി.

രേഖകളില്‍ ഒമ്പത് കുട്ടികളെ നോക്കാന്‍ അനുമതിയുള്ള ഈ സ്ഥാപനത്തിന് സെപ്റ്റംബര്‍ മാസത്തില്‍ മാത്രം 22,000 ഡോളര്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.

സൊമാലിയന്‍ ഭാഷാ സൗകര്യമുള്ള 539 ഡേകെയറുകളാണ് വാഷിംഗ്ടണില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ പലതും ഇതുപോലെ വ്യാജമാണെന്നും നികുതിപ്പണം തട്ടിയെടുക്കുകയാണെന്നും റിപ്പോര്‍ട്ട് ആരോപിക്കുന്നു.

നേരത്തെ മിനസോട്ടയിലും സമാനമായ രീതിയില്‍ ദശലക്ഷക്കണക്കിന് ഡോളറിന്റെ ഡേകെയര്‍ തട്ടിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ വാഷിംഗ്ടണിലും അന്വേഷണം നടക്കുന്നത്.