കാൽഗറിയിൽ ജലവിതരണ പൈപ്പ് തകർന്നു; നഗരത്തിൽ  ജലവിതരണത്തിന് നിയന്ത്രണം ഏർപ്പെടുത്തി

By: 600110 On: Jan 1, 2026, 1:30 PM

 

 കാൽഗറിയിലെ  പ്രധാന ജലവിതരണ പൈപ്പായ 'ബിയർസ്‌പൊ സൗത്ത് ഫീഡർ മെയിനിൽ' വലിയ വിള്ളൽ കണ്ടെത്തിയതിനെത്തുടർന്ന് നഗരത്തിൽ അനിശ്ചിതകാലത്തേക്ക് ജലവിതരണത്തിന് നിയന്ത്രണം ഏർപ്പെടുത്തി. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ സാർസി ട്രയലിനും 16 അവന്യൂവിനും സമീപമാണ് നഗരത്തെയാകെ ബാധിച്ച ഈ പൈപ്പ് തകരാർ ഉണ്ടായത്. 2024 ജൂണിൽ സമാനമായ രീതിയിൽ തകരാർ സംഭവിച്ച അതേ പ്രധാന പൈപ്പ് ലൈനിലാണ് ഇപ്പോൾ വീണ്ടും വിള്ളലുണ്ടായിരിക്കുന്നത്.

പൈപ്പ് തകർന്നതിനെത്തുടർന്ന് പ്രദേശത്തെ റോഡുകൾ അടയ്ക്കുകയും നൂറുകണക്കിന് വീടുകളിലും സ്ഥാപനങ്ങളിലും വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യം ഉണ്ടാവുകയും ചെയ്തു. പൈപ്പ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ ഏഴ് മുതൽ പത്ത് ദിവസം വരെ എടുത്തേക്കാമെന്ന് വാട്ടർ സർവീസ് ഡയറക്ടർ നാൻസി മക്കേ അറിയിച്ചു. അത്യാധുനിക അക്കോസ്റ്റിക് ഫൈബർ ഒപ്റ്റിക് ഉപകരണങ്ങൾ ഉപയോഗിച്ച് പൈപ്പ് ലൈൻ നിരീക്ഷിച്ചുവരികയായിരുന്നുവെങ്കിലും, തകരാർ സംഭവിക്കുന്നതിന് മുൻപ് പ്രത്യേക ലക്ഷണങ്ങളൊന്നും കണ്ടെത്താനായിരുന്നില്ലെന്ന് അധികൃതർ വ്യക്തമാക്കി.

1975-ൽ സ്ഥാപിച്ച പൈപ്പാണ് ഇപ്പോൾ തകർന്നത്. ബോനസ് , മോണ്ട്ഗോമറി (Montgomery) തുടങ്ങിയ പ്രദേശങ്ങളിൽ നിലവിൽ കുടിവെള്ളം തിളപ്പിച്ചു ഉപയോഗിക്കാനുള്ള കർശന നിർദ്ദേശം (Boil water advisory) നൽകിയിട്ടുണ്ട്. സ്ഥിതിഗതികൾ സാധാരണ നിലയിലാകുന്നത് വരെ വെള്ളം മിതമായി ഉപയോഗിക്കാൻ സിറ്റി അധികൃതർ ജനങ്ങളോട് അഭ്യർത്ഥിച്ചു.
 നഗരത്തിൻ്റെ നോർത്ത് വെസ്റ്റ് മേഖലയിൽ വൻ നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 16-ാം അവന്യൂവിൽ പൈപ്പ് പൊട്ടി റോഡ് നെടുകെ പിളരുകയും വൻതോതിൽ വെള്ളം ഉയരുകയും ചെയ്തു. റോഡിലുണ്ടായ ശക്തമായ വെള്ളപ്പാച്ചിലിൽ എട്ട് വാഹനങ്ങൾ കുടുങ്ങിപ്പോകുകയും അതിലുണ്ടായിരുന്ന 13 പേരെ അഗ്നിശമന സേനാംഗങ്ങൾ  സാഹസികമായി രക്ഷപ്പെടുത്തുകയും ചെയ്തു