പെറുവിലെ മാച്ചു പിച്ചുവിൽ ട്രെയിനുകൾ കൂട്ടിമുട്ടി അപകടം; ഏഴ് കാനഡക്കാർക്ക് പരിക്ക്

By: 600110 On: Jan 1, 2026, 1:24 PM

പെറുവിലെ  മാച്ചു പിച്ചു  വിനോദസഞ്ചാര കേന്ദ്രത്തിന് സമീപമുണ്ടായ ട്രെയിൻ അപകടത്തിൽ ഏഴ് കാനഡക്കാർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് വിനോദസഞ്ചാരികളുമായി പോയ രണ്ട് ട്രെയിനുകൾ തമ്മിൽ കൂട്ടിമുട്ടിയാണ് അപകടമുണ്ടായത്. അപകടത്തിൽ ഒരു റെയിൽവേ ജീവനക്കാരൻ മരിക്കുകയും ഏകദേശം 30 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

കാനഡയുടെ വിദേശകാര്യ മന്ത്രി അനിത ആനന്ദ് ആണ് കനേഡിയൻ പൗരന്മാർക്ക് പരിക്കേറ്റ വിവരം സ്ഥിരീകരിച്ചത്. പരിക്കേറ്റവർക്ക് ആവശ്യമായ നയതന്ത്ര സഹായങ്ങൾ ലഭ്യമാക്കുന്നുണ്ടെന്നും  അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അവർ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.  അപകടത്തെത്തുടർന്ന് മച്ചു പിച്ചുവിനെയും സമീപ നഗരമായ കുസ്കോയെയും (Cuzco) തമ്മിൽ ബന്ധിപ്പിക്കുന്ന റെയിൽ ഗതാഗതം താൽക്കാലികമായി നിർത്തിവെച്ചു. വിനോദസഞ്ചാരികളുമായി പോയ ട്രെയിനുകൾ നേർക്കുനേർ കൂട്ടിമുട്ടുകയായിരുന്നുവെന്നാണ് കുസ്കോ പോലീസ് വകുപ്പ് നൽകുന്ന വിവരം.  അപകടത്തിന്റെ കാരണം കണ്ടെത്താൻ  അന്വേഷണം ആരംഭിച്ചിട്ടുണ്ട്.