കാനഡയിലെ ബാൻഫിലുള്ളസ്കീ റിസോർട്ടിൽ ശനിയാഴ്ച ഉച്ചകഴിഞ്ഞ് നടന്ന അപകടത്തിൽ 47 വയസ്സുകാരിയായ ടൊറൻ്റോ സ്വദേശിനി മരിച്ചതിന് പിന്നാലെ സ്നോ സ്പോർട്സിലെ ആശങ്കകളും ചർച്ചയാകുന്നു. ആൽബർട്ടയിലെ സ്കീ റിസോർട്ടിൽ താരതമ്യേന അപകടസാധ്യത കുറഞ്ഞ 'ഗ്രീൻ ലെവൽ' പാതയിൽ സ്കീയിംഗ് നടത്തുന്നതിനിടെയാണ് ഇവർ അപ്രതീക്ഷിതമായി ആഴത്തിലുള്ള മഞ്ഞിലേക്ക് വീണത്. ഉടൻ തന്നെ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി പ്രാഥമിക ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ടൊറൻ്റോ സ്വദേശിയായ ഫറാ മർച്ചൻ്റ് ആണ് മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സ്കീയിംഗ് പോലുള്ള സ്നോ വിനോദങ്ങളിൽ ഏർപ്പെടുന്നവർ നേരിടുന്ന 'സ്നോ ഇമ്മേഴ്ഷൻ സഫൊക്കേഷൻ' ഇതോടെ വീണ്ടും ചർച്ചയാക്കിയിരിക്കുകയാണ്. മഞ്ഞിൽ പുതഞ്ഞു പോകുന്ന ഇത്തരം അപകടങ്ങൾ എത്രത്തോളം മാരകമാണെന്ന് ഈ സംഭവം ഓർമ്മിപ്പിക്കുന്നു. മരങ്ങൾക്കിടയിലോ അയഞ്ഞ മഞ്ഞുപാളികൾക്കിടയിലോ തലകീഴായി വീണുപോയാൽ ശരീരം ചലിപ്പിക്കാനാകാതെ കുടുങ്ങുകയും നിമിഷങ്ങൾക്കകം ശ്വാസം തടസ്സപ്പെടുകയും ചെയ്യാം. ഇത്തരം അപകടങ്ങളിൽ പെട്ടുപോയാൽ വെറും 10 മുതൽ 12 മിനിറ്റിനുള്ളിൽ മരണം സംഭവിക്കാമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. വനമേഖലകളിൽ മാത്രമല്ല, സുരക്ഷിതമെന്ന് കരുതുന്ന റിസോർട്ടുകളിലെ മഞ്ഞുപാളികളിലും ഇത്തരം അപകടങ്ങൾ സംഭവിക്കാമെന്നതിനാൽ സ്കീയിംഗിന് എത്തുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു.