പുതുവത്സര ദിനത്തില്‍ ഖുറാനില്‍ തൊട്ട് സത്യപ്രതിജ്ഞ; സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്ക് മേയറായി ചുമതലയേറ്റു

By: 600002 On: Jan 1, 2026, 12:31 PM



 


ന്യൂയോര്‍ക്ക് മേയറായി പുതുവത്സരദിനത്തില്‍ ഇന്ത്യന്‍ വംശജനായ സൊഹ്‌റാന്‍ മംദാനി സത്യപ്രതിജ്ഞ ചെയ്തു. മാന്‍ഹാട്ടനിലെ ഓള്‍ സിറ്റി ഹാള്‍ സബ് വേ സ്റ്റേഷനില്‍ അര്‍ധരാത്രിയ്ക്കുശേഷമായിരുന്നു സത്യപ്രതിജ്ഞ. ന്യൂയോര്‍ക്ക് നഗരത്തിന്റെ ആദ്യ മുസ്ലിം മേയറാണ് മംദാനി.

രണ്ട് സത്യപ്രതിജ്ഞാചടങ്ങുകളാണ് പരമ്പരാഗതമായി ന്യൂയോര്‍ക്ക് മേയര്‍ക്കുള്ളത്. ആദ്യ സത്യപ്രതിജ്ഞാചടങ്ങ് സ്വകാര്യ ചടങ്ങാണ്. പുതുവര്‍ഷപ്പിറവിയില്‍ അര്‍ദ്ധരാത്രിയ്ക്കുശേഷമായിരുന്നു ആദ്യ ചടങ്ങ്. ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറല്‍ ലെറ്റീഷ്യ ജെയിംസ് ആണ് മാന്‍ഹാട്ടനിലെ ഓള്‍ സിറ്റി ഹാള്‍ സബ് വേ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ മംദാനിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്. ഖുറാനില്‍ തൊട്ടാണ് മംദാനി സത്യപ്രതിജ്ഞ ചെയ്തത്. 

ന്യൂയോര്‍ക്ക് നഗരത്തിന്റെ പാരമ്പര്യം കാത്തുസൂക്ഷിക്കുമെന്നും ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കുമെന്നും സത്യപ്രതിജ്ഞയ്ക്കുശേഷം മംദാനി പറഞ്ഞു.