ന്യൂയോർക്കിൽ കനേഡിയൻ വിനോദസഞ്ചാരിക്ക് നേരെ ആക്രമണം

By: 600110 On: Jan 1, 2026, 7:30 AM

ന്യൂയോർക്കിൽ കനേഡിയൻ വിനോദസഞ്ചാരിക്ക് നേരെ ആക്രമണം. സന്ദർശകർക്ക് ഏറെ പ്രിയപ്പെട്ട ബ്രയൻ്റ് പാർക്കിന് സമീപമാണ് സംഭവം നടന്നത്. ഷൂസിൻ്റെ ലേസ് കെട്ടാനായി താഴേക്ക് കുനിഞ്ഞപ്പോഴാണ് വിനോദസഞ്ചാരിക്ക് കുത്തേറ്റത്. കാനഡയിൽ നിന്നുള്ള 36 വയസ്സുകാരനാണ് ആക്രമിക്കപ്പെട്ടത്. അപരിചിതനായ ഒരാൾ ഇദ്ദേഹത്തെ കുത്തുകയായിരുന്നു. ആക്രമണത്തിന് ശേഷം പ്രതി ഓടി രക്ഷപ്പെട്ടു.

കുത്തേറ്റയാളെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനാൽ അപകടാവസ്ഥ തരണം ചെയ്തതായാണ് റിപ്പോർട്ട്. സംഭവത്തിന് ഉത്തരവാദിയെന്ന് കരുതുന്ന ഒരാളെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ മാരകായുധം കൈവശം വെച്ചതിനും ആക്രമണത്തിനും കേസെടുത്തു. ആക്രമണം മുൻകൂട്ടി ആസൂത്രണം ചെയ്തതല്ലെന്നും യാതൊരു പ്രകോപനവുമില്ലാതെ പെട്ടെന്നുണ്ടായ ഒന്നാണെന്നും അധികൃതർ പറഞ്ഞു. സംഭവത്തിന് ശേഷവും ഹോളിഡേ മാർക്കറ്റ് തുറന്നു പ്രവർത്തിച്ചെങ്കിലും പ്രദേശത്ത് സുരക്ഷ ശക്തമാക്കി. സാധാരണഗതിയിൽ സുരക്ഷിതമായ ഈ സ്ഥലത്തുണ്ടായ ആക്രമണം വിനോദസഞ്ചാരികളെയും നാട്ടുകാരെയും ഒരുപോലെ ഞെട്ടിച്ചു.