അനർഹമായവർക്ക് നല്കിയ കോവിഡ്-19 ആനുകൂല്യങ്ങൾ തിരിച്ചു പിടിക്കാനൊരുങ്ങി കാനഡ റവന്യൂ ഏജൻസി (CRA). ഏകദേശം 10 ബില്യൺ ഡോളർ തിരികെ ലഭിക്കാനുണ്ടെന്ന് കാനഡ റവന്യൂ ഏജൻസി (പറഞ്ഞു. അർഹതയില്ലാത്തവർക്കായിരുന്നു ഈ തുക ലഭിച്ചത്. ഇത് സംബന്ധിച്ച പ്രാഥമിക അന്വേഷണം സിആർഎ പൂർത്തിയാക്കിയിട്ടുണ്ട്.
പാൻഡെമിക് സമയത്ത് ജോലി നഷ്ടപ്പെട്ടവർക്കും വരുമാനം നിലച്ചവർക്കും വേണ്ടിയാണ് ഈ അടിയന്തര സഹായ പദ്ധതികൾ സർക്കാർ ആവിഷ്കരിച്ചത്. എന്നാൽ യോഗ്യതയില്ലാതിരുന്നിട്ടും ധാരാളം ആളുകൾ ഈ സഹായത്തിനായി അപേക്ഷിച്ചു. ഇങ്ങനെ അനധികൃതമായി സ്വനന്തമാക്കിയ ആനുകൂല്യങ്ങളാണ് തിരിച്ചുപിടിക്കുക. ആർക്കൊക്കെയാണ് യോഗ്യതയുള്ളതെന്ന് കണ്ടെത്തുന്നതിനുള്ള പരിശോധനകൾ ഏജൻസി ഇപ്പോൾ പൂർത്തിയാക്കി. ദശലക്ഷക്കണക്കിന് പേയ്‌മെൻ്റുകൾ തെറ്റായ ആളുകൾക്കാണ് ലഭിച്ചതെന്നും ഇതിലൂടെ കണ്ടെത്തി. ഈ പണം തിരിച്ചുപിടിക്കാൻ ശ്രമിക്കുമെന്ന് ഏജൻസി അറിയിച്ചു.
എന്നാൽ മുഴുവൻ തുകയും ശേഖരിക്കുക ബുദ്ധിമുട്ടാണെന്നും അവർ സമ്മതിച്ചു. പണം കൈപ്പറ്റിയ പലരുടെയും പക്കൽ ഇപ്പോൾ അത് തിരിച്ചടയ്ക്കാൻ ബാക്കിയില്ലായിരിക്കാനിടയുണ്ട്. അതിനാൽ തിരിച്ചടവിൻ്റെ കാര്യത്തിൽ ന്യായമായ രീതിയിലും വിട്ടുവീഴ്ചാ മനോഭാവത്തോടെയും പ്രവർത്തിക്കുമെന്ന് ഏജൻസി വ്യക്തമാക്കി. ഭാവിയിൽ ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനായി സർക്കാർ ഈ പദ്ധതികളെക്കുറിച്ച് പുനഃപരിശോധന നടത്തിവരികയാണ്.