ഇറാൻ്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിനെ (IRGC) കാനഡ ഭീകര സംഘടനയായി പ്രഖ്യാപിച്ചതിന് മറുപടിയായി, റോയൽ കനേഡിയൻ നേവിയെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ഇറാൻ. 2024 ജൂണിൽ കാനഡ എടുത്ത തീരുമാനത്തിനുള്ള തിരിച്ചടിയാണിതെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് കാനഡയുടെ നടപടിയെന്നും, Reciprocity എന്ന തത്വത്തിൻ്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്നും ഇറാൻ അറിയിച്ചു.
അമേരിക്കയുടെ പാത പിന്തുടർന്ന് ഐആർജിസിയെ ഭീകര പട്ടികയിൽ ഉൾപ്പെടുത്തുന്ന രാജ്യങ്ങൾക്കെതിരെ സമാനമായ നടപടി സ്വീകരിക്കാൻ അനുവാദം നൽകുന്ന 2019-ലെ നിയമം മുൻനിർത്തിയാണ് ഇറാൻ്റെ ഈ നീക്കം. 2020-ൽ ഉക്രെയ്ൻ വിമാനമായ PS752 വെടിവെച്ചിട്ട സംഭവവും ഹമാസ്, ഹിസ്ബുള്ള തുടങ്ങിയ ഗ്രൂപ്പുകൾക്ക് ഇറാൻ നൽകുന്ന പിന്തുണയുമാണ് ഐആർജിസിയെ ഭീകര സംഘടനയായി പ്രഖ്യാപിക്കാൻ കാനഡയെ പ്രേരിപ്പിച്ചത് . ഈ സംഭവത്തിൽ 85 കനേഡിയൻ പൗരന്മാർ കൊല്ലപ്പെട്ടിരുന്നു. നിലവിൽ 1,50,000-ത്തിലധികം അംഗങ്ങളുള്ള ഐആർജിസി ഇറാൻ്റെ മിസൈൽ, ആണവ പദ്ധതികളുടെ മേൽനോട്ടം വഹിക്കുന്ന പ്രധാന ശക്തിയാണ്. കാനഡയുമായുള്ള നയതന്ത്ര ബന്ധം വർഷങ്ങളായി വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇറാൻ്റെ പുതിയ നീക്കം മേഖലയിലെ രാഷ്ട്രീയ സംഘർഷങ്ങൾ കൂടുതൽ വർദ്ധിപ്പിക്കാൻ കാരണമായേക്കും.