മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ (MAGH) ക്രിസ്തുമസ്- പുതുവത്സരം ആഘോഷിച്ചു

By: 600002 On: Dec 31, 2025, 9:19 AM



 

സുജിത്ത് ചാക്കോ

ഹൂസ്റ്റണ്‍: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ (MAGH) ക്രിസ്തുമസും പുതുവത്സരവും വര്‍ണ്ണാഭമായി ആഘോഷിച്ചു. ടെക്സ്സ്‌സിലെ  സ്റ്റാഫോര്‍ഡിലുള്ള സെന്റ് തോമസ് കത്തീഡ്രല്‍ ഹാളില്‍ ഡിസംബര്‍ 27 ശനിയാഴ്ച 5.30ന് ആഘോഷങ്ങള്‍ അരങ്ങേറി. തദവസരത്തില്‍ 2026 ലേക്കുള്ള ഭാരവാഹികളുടെ സത്യപ്രതിജ്ഞ ചടങ്ങും നടന്നു. ഫോര്‍ട്ട് ബന്‍ഡ് കൗണ്ടി ജഡ്ജ് കെ പി ജോര്‍ജ്, സ്റ്റാഫോര്‍ഡ് സിറ്റി മേയര്‍ കെന്‍ മാത്യു, മിസോറി സിറ്റി മേയര്‍ റോബിന്‍ ഇലക്കാട്,  ജഡ്ജ് സുരേന്ദ്രന്‍ കെ പട്ടേല്‍,ഫോര്‍ട്ട് ബന്‍ഡ് കൗണ്ടി ക്യാപ്റ്റന്‍ മനോജ് പൂപ്പാറയില്‍ വിവിധ സഭാ വിഭാഗങ്ങളിലെ വൈദികര്‍ തുടങ്ങി പ്രധാന ക്ഷണിതാക്കള്‍ ആയിരുന്നു. 

ജഡ്ജ് സുരേന്ദ്രന്‍ കെ പട്ടേല്‍ ക്രിസ്മസ് സന്ദേശം നല്‍കി. സെക്രട്ടറി രാജേഷ് വര്‍ഗീസ് സ്വാഗതം ആശംസിച്ചു. തുടര്‍ന്ന്പ്രസിഡന്റ് ജോസ് കെ ജോണ്‍ അധ്യക്ഷ പ്രസംഗം നടത്തി.  ആയിരത്തോളം ആളുകള്‍ ആഘോഷങ്ങളില്‍ പങ്കെടുത്തു. ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങളോട് അനുബന്ധിച്ച് ഹൂസ്റ്റണിലെ പ്രമുഖ കലാകാരന്മാരെയും കലാകാരികളെയും പങ്കെടുപ്പിച്ച വിവിധ കലാപരിപാടികള്‍  അരങ്ങേറി. 

ക്രിസ്മസ് കരോള്‍ ഗാന മത്സരവും സംഘടിപ്പിക്കപ്പെട്ടു. വാശിയേറിയ മത്സരത്തില്‍ ഹൂസ്റ്റണ്‍ സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഒന്നാം സ്ഥാനം കരസ്ഥമാക്കി. റജി വി കുര്യന്‍ സ്‌പോണ്‍സര്‍ ചെയ്ത എവര്‍ റോളിംഗ് ട്രോഫിയും ക്യാഷ് അവാര്‍ഡും നേടി. രണ്ടാം സ്ഥാനം സെന്റ് പീറ്റേഴ്‌സ് മലങ്കര കാത്തലിക് ചര്‍ച്ച് നേടി. റെജി കോട്ടയം സ്‌പോണ്‍സര്‍ ചെയ്ത എവറോളിംഗ് ട്രോഫിയും ക്യാഷ് അവാര്‍ഡും സ്വന്തമാക്കി. മൂന്നാം സ്ഥാനം സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്ള്‍സ് ചര്‍ച്ച്, ട്രിനിറ്റി മാര്‍ത്തോമ ചര്‍ച്ച് എന്നിവ നേടി. ജോജി ജോസഫ് സ്‌പോണ്‍സര്‍ ചെയ്ത എവറോളിംഗ് ട്രോഫിയും ക്യാഷ് അവാര്‍ഡും സമ്മാനമായി നല്‍കി.

2026 ലേക്ക് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട  റോയ് മാത്യുവിനും  ഡയറക്ടര്‍ ബോര്‍ഡ് ഭാരവാഹികള്‍ക്കും ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ ജിമ്മി കുന്നശ്ശേരി പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. ഒപ്പം ട്രസ്റ്റി ബോര്‍ഡിലേക്ക് ക്ലാരമ്മ മാത്യുസും ജോസ് കെ ജോണും പ്രതിജ്ഞ വാചകം ചൊല്ലി സ്ഥാനമേറ്റു. 2026 ജനുവരി 1 മുതല്‍ പുതിയ ഭരണസമിതി നിലവില്‍ വരും.

പുതിയ വര്‍ഷത്തില്‍ ട്രസ്റ്റീ ബോര്‍ഡില്‍ നിന്ന് പിരിയുന്ന ചെയര്‍മാന്‍ ജിമ്മി കുന്നശ്ശേരി, അംഗം അനില്‍കുമാര്‍ ആറന്മുള, ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് അംഗങ്ങളായ മാത്യൂസ് ചാണ്ടപിള്ള, ക്രിസ്റ്റഫര്‍ ജോര്‍ജ്, സുനില്‍ തങ്കപ്പന്‍, രേഷ്മ വിനോദ്, മിഖായേല്‍ ജോയ്, അലക്‌സ് മാത്യു, ജോണ്‍ ഡബ്ലിയു വര്‍ഗീസ്, ജോസഫ് കുനാതന്‍, ബിജോയ് തോമസ്, വിഘ്‌നേഷ് ശിവന്‍, പ്രബിത്മോന്‍ വെള്ളിയാന്‍, റീനു വര്‍ഗീസ് എന്നിവര്‍ക്കും ഇലക്ഷന്‍ കമ്മീഷണര്‍ മാരായ മാര്‍ട്ടിന്‍ ജോണ്‍, ബാബു തോമസ്, പ്രിന്‍സ് പോള്‍ എന്നിവര്‍ക്കും ഫെസിലിറ്റി മാനേജര്‍ മോന്‍സി കുറിയാക്കോസിനും ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. പങ്കെടുത്ത എല്ലാവര്‍ക്കും ക്രിസ്മസ് കേക്കും വിഭവസമൃദ്ധമായ ഡിന്നറും ഒരുക്കിയിരുന്നു. 

2025ല്‍ മുപ്പത്തിരണ്ടോളം സാമൂഹിക സാംസ്‌കാരിക കലാ പ്രസക്തികളുള്ള പരിപാടികളാണ് സംഘടിപ്പിക്കപ്പെട്ടത്. ബോര്‍ഡിന്റെ വലിയ പരിശ്രമങ്ങള്‍ അതിന്റെ പിന്നിലുണ്ട്, വിശേഷാല്‍ പ്രോഗ്രാം കണ്‍വീനര്‍ രേഷ്മ വിനോദ് പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു. സാമ്പത്തികചിലവ് പരിഹരിക്കുവാന്‍ സ്‌പോണ്‍സേര്‍സ് വലിയപങ്കാണ് വഹിച്ചത്. ഈ വര്‍ഷത്തെ പരിപാടികള്‍ വിജയപ്രദമാക്കുവാന്‍ സഹായിച്ച എല്ലാവര്‍ക്കും ട്രെഷറര്‍ സുജിത്ത് ചാക്കോ നന്ദി രേഖപ്പെടുത്തി.