പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇരട്ട പൗരത്വം ആവശ്യപ്പെട്ട് പ്രവാസി ലീഗല്‍ സെല്‍ 

By: 600002 On: Dec 31, 2025, 9:03 AM


 

 

ബിജിലി ജോര്‍ജ് 

ഹ്യൂസ്റ്റണ്‍ : പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇരട്ട പൗരത്വം ആവശ്യപ്പെട്ട് പ്രവാസി ലീഗല്‍ സെല്‍. പ്രവാസി ലീഗല്‍ സെല്‍ പ്രതിനിധികള്‍ ഹ്യൂസ്റ്റണിലുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ഓഫീസ് സന്ദര്‍ശിക്കവെയാണ് ഈ ആവശ്യം ഉന്നയിച്ചത്. ഇതിനായി വിവിധ തലത്തിലുള്ള ക്യാമ്പയിനമായി പ്രവാസി ലീഗല്‍ സെല്‍ മുന്നിട്ടിറങ്ങുമെന്നും ഭാരവാഹികള്‍ പറഞ്ഞു. ഇത്തരത്തിലുള്ള ആവശ്യം നേടിയെടുക്കുന്നതിനായി പ്രവാസികള്‍ ഒരുമിച്ചു സമ്മര്‍ദ്ദം ചെലുത്തേണ്ടതുണ്ട് എന്ന് ഹ്യൂസ്റ്റണിലുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ഓഫീസ് എച്ഒസി പ്രശാന്ത് കുമാര്‍ സോന പറഞ്ഞു. പ്രവാസി ലീഗല്‍ സെല്ലിന്റെ മുന്‍ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് മികച്ചതാണെന്നും കൂടുതല്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ തുടര്‍ന്നും സാധിക്കട്ടെ എന്നും പ്രശാന്ത് കുമാര്‍ സോന പറഞ്ഞു. 

പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രെസിഡെന്റ് അഡ്വ. ജോസ് എബ്രഹാം, ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ ഡോ. സെബാസ്റ്റ്യന്‍ ജോസഫ് പിഎല്‍സി ഹ്യൂസ്റ്റണ്‍ കോര്‍ഡിനേറ്റര്‍ മാത്യു ഫിലിപ്പ് വട്ടക്കോട്ടയില്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഹ്യൂസ്റ്റണിലുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ഓഫീസ് സന്ദര്‍ശനം നടന്നത്. ഇരട്ട പൗരത്വം നേടിയെടുക്കാനായി നിയമപരമായ എല്ലാ സാദ്ധ്യതകളും തേടുമെന്ന് പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ വക്താവ് സുധീര്‍ തിരുനിലത്ത് പറഞ്ഞു.