സി വി സാമുവേല്‍ ഡിട്രോയിറ്റ്
2026 എന്ന പുതുവര്‍ഷത്തിന്റെ പടിവാതില്‍ക്കല്‍ നാം നില്‍ക്കുമ്പോള്‍, തലമുറകളായി വിശ്വാസികള്‍ക്ക് ആശ്വാസവും കരുത്തും പകരുന്ന ഒരു ദിവ്യവാഗ്ദാനം നമ്മുടെ ഓര്‍മ്മയിലേക്ക് വരുന്നു: 'നിന്റെ ദൈവമായ യഹോവ കരുതുന്ന ദേശം; ആണ്ടിന്റെ ആരംഭംമുതല്‍ ആണ്ടിന്റെ അവസാനംവരെ നിന്റെ ദൈവമായ യഹോവയുടെ കണ്ണു എപ്പോഴും അതിന്മേല്‍ ഇരിക്കുന്നു' (ആവര്‍ത്തനപുസ്തകം 11:12). കഴിഞ്ഞ അന്‍പതിലധികം വര്‍ഷങ്ങളായി എന്റെ വ്യക്തിജീവിതത്തില്‍ ഏറെ സ്വാധീനം ചെലുത്തുകയും പ്രാര്‍ത്ഥനാപൂര്‍വ്വം ഞാന്‍ ധ്യാനിക്കുകയും ചെയ്യുന്ന ഒരു വചനമാണിത്.
നാം ഈ പുതിയ വര്‍ഷത്തിലേക്ക് പ്രവേശിക്കുന്നത് ഒറ്റയ്ക്കല്ല. കഴിഞ്ഞകാലങ്ങളില്‍ നമ്മെ വിശ്വസ്തതയോടെ നടത്തിയ ദൈവം, വരാനിരിക്കുന്ന വര്‍ഷത്തിലും തന്റെ സ്‌നേഹനിര്‍ഭരമായ കരുതലോടും കാവലോടും കൂടെ നമുക്ക് മുന്‍പേയുണ്ട്.
കടന്നുപോയ 2025-ലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ നമ്മുടെ ഹൃദയം നന്ദിയാല്‍ നിറയുന്നു. സന്തോഷത്തിന്റെ നിമിഷങ്ങളിലും പ്രതിസന്ധികളുടെ ഘട്ടങ്ങളിലും ദൈവകൃപ നമ്മെ താങ്ങിനിര്‍ത്തി. നാം ഇന്ന് ഇവിടെ എത്തിനില്‍ക്കുന്നത് നമ്മുടെ സ്വന്തം കഴിവുകൊണ്ടല്ല, മറിച്ച് ദൈവത്തിന്റെ അളവറ്റ കരുണയും വിശ്വസ്തതയും കൊണ്ടുമാത്രമാണ്. ഓരോ സാഹചര്യത്തിലും അവിടുത്തെ കണ്ണുകള്‍ നമ്മുടെ മേലുണ്ടായിരുന്നു; അവിടുന്ന് നമ്മെ നയിക്കുകയും സംരക്ഷിക്കുകയും ചെയ്തു.
പുതിയ വര്‍ഷത്തില്‍ എന്ത് സംഭവിക്കും എന്നതിനെക്കുറിച്ച് നമുക്ക് അറിവില്ലായിരിക്കാം. എന്നാല്‍ നമ്മുടെ ഭാവിയെ കൈപ്പിടിയിലൊതുക്കിയിരിക്കുന്ന ദൈവത്തെ നമുക്കറിയാം. വര്‍ഷത്തിന്റെ ആദ്യദിനം മുതല്‍ അവസാന നിമിഷം വരെ നമ്മുടെ ആവശ്യങ്ങളും പോരാട്ടങ്ങളും പ്രതീക്ഷകളും അറിയുന്നവനാണ് ദൈവം. അതുകൊണ്ട് നമ്മുടെ പദ്ധതികളിലോ കഴിവുകളിലോ ആശ്രയിക്കാതെ, ദൈവത്തിന്റെ സാന്നിധ്യത്തിലും വഴിനയിക്കലിലും നമുക്ക് പൂര്‍ണ്ണമായി വിശ്വസിക്കാം.
ഓരോ പുതുവര്‍ഷവും നമുക്ക് നല്‍കുന്ന വലിയൊരു സമ്മാനമാണ് 'പുതുക്കം'. നമ്മുടെ ഹൃദയങ്ങളെ ദൈവഹിതത്തിനനുസരിച്ച് ക്രമീകരിക്കാനും വിശ്വാസത്തില്‍ വളരാനുമുള്ള സമയമാണിത്. പ്രാര്‍ത്ഥനയിലൂടെയും വചനത്തിലൂടെയും ദൈവത്തോട് കൂടുതല്‍ അടുക്കാനും, സ്‌നേഹത്തിലും സേവനത്തിലും അധിഷ്ഠിതമായ ഒരു ജീവിതം നയിക്കാനും നാം വിളിക്കപ്പെട്ടിരിക്കുന്നു.
വരാനിരിക്കുന്ന മാറ്റങ്ങളോ അപ്രതീക്ഷിത വെല്ലുവിളികളോ എന്തുതന്നെയായാലും, 'ദൈവം കൂടെയുണ്ട്' എന്ന സത്യം നമുക്ക് സമാധാനം നല്‍കുന്നു. ആത്മവിശ്വാസത്തോടും പ്രത്യാശയോടും കൂടെ നമുക്ക് 2026-ലേക്ക് ചുവടുവെക്കാം. ജീവിക്കുന്ന ക്രിസ്തുവിലുള്ള വിശ്വാസത്താല്‍ നിങ്ങളുടെയും കുടുംബത്തിന്റെയും ഹൃദയങ്ങള്‍ സമാധാനവും പ്രത്യാശയും കൊണ്ട് നിറയട്ടെ എന്ന് ആശംസിക്കുന്നു.
ഏവര്‍ക്കും അനുഗ്രഹീതമായ ഒരു പുതുവര്‍ഷം നേരുന്നു!