ഭീകരാക്രമണ ഭീഷണി: ലോകത്തെ പ്രധാന നഗരങ്ങളില്‍ പുതുവത്സരാഘോഷങ്ങള്‍ റദ്ദാക്കി

By: 600002 On: Dec 31, 2025, 8:38 AM



 

പി പി ചെറിയാന്‍

സുരക്ഷാ കാരണങ്ങളാലും ഭീകരാക്രമണ ഭീഷണിയെത്തുടര്‍ന്നും ലോകത്തെ വിവിധ നഗരങ്ങളില്‍ ഈ വര്‍ഷത്തെ പുതുവത്സരാഘോഷങ്ങള്‍ റദ്ദാക്കി. ലോസ് ഏഞ്ചല്‍സില്‍ സ്‌ഫോടന പരമ്പരയ്ക്ക് ലക്ഷ്യമിട്ട നാല് പേരെ എഫ്.ബി.ഐ (FBI) പിടികൂടിയതിന് പിന്നാലെയാണ് വിവിധ രാജ്യങ്ങള്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.

സിഡ്‌നി (ഓസ്ട്രേലിയ)ബോണ്ടി ബീച്ചില്‍ അടുത്തിടെയുണ്ടായ വെടിവെയ്പ്പില്‍ 15 പേര്‍ കൊല്ലപ്പെടുകയും 40 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തില്‍, 15,000-ത്തിലധികം ആളുകള്‍ പങ്കെടുക്കാറുള്ള ബോണ്ടി ബീച്ചിലെ വെടിക്കെട്ടും മറ്റ് ആഘോഷ പരിപാടികളും റദ്ദാക്കി. ജൂത സമൂഹത്തിന്റെ സുരക്ഷയും നിലവിലെ ഭീകരാക്രമണ സാധ്യതയും കണക്കിലെടുത്താണ് തീരുമാനം.

പാരിസ് (ഫ്രാന്‍സ്) ഷാംപ്സ്-എലീസിയിലെ (Champs-Elysées) പ്രശസ്തമായ സംഗീത പരിപാടി പോലീസ് നിര്‍ദ്ദേശത്തെത്തുടര്‍ന്ന് റദ്ദാക്കി. വന്‍ ജനക്കൂട്ടം നിയന്ത്രണാതീതമാകാനും അപകടങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണിത്. എന്നാല്‍ ഔദ്യോഗികമായ വെടിക്കെട്ട് നടക്കും.

ടോക്കിയോ (ജപ്പാന്‍) ഷിബുയ സ്റ്റേഷന് പുറത്തുള്ള ലോകപ്രശസ്തമായ ന്യൂ ഇയര്‍ കൗണ്ട്ഡൗണ്‍ ടോക്കിയോ റദ്ദാക്കി. വന്‍ തിരക്കില്‍പ്പെട്ട് തിക്കും തിരക്കും ഉണ്ടാകാനുള്ള സാധ്യതയും പൊതുസ്ഥലത്തെ മദ്യപാനവും നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

അമേരിക്കയിലെ ലോസ് ഏഞ്ചല്‍സില്‍ പുതുവത്സര തലേന്ന് ബോംബ് ആക്രമണം നടത്താന്‍ പദ്ധതിയിട്ട നാല് പേരെ മൊജാവേ മരുഭൂമിയില്‍ വെച്ച് പിടികൂടി. ഇവര്‍ അവിടെ ആക്രമണത്തിന്റെ ട്രയല്‍ റണ്‍ നടത്തുകയായിരുന്നു. അതേസമയം, ന്യൂയോര്‍ക്ക് നഗരത്തിലെ വിഖ്യാതമായ ടൈംസ് സ്‌ക്വയര്‍ ബോള്‍ ഡ്രോപ്പ് (Ball Drop) മുന്‍ നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു.