ടാറ്റിയാന ഷ്‌ലോസ്‌ബെര്‍ഗ് അന്തരിച്ചു: കെന്നഡി കുടുംബത്തിന് വീണ്ടും കണ്ണീര്‍

By: 600002 On: Dec 31, 2025, 8:20 AM



 

 


പി പി ചെറിയാന്‍

ന്യൂയോര്‍ക്ക്: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍ എഫ്. കെന്നഡിയുടെ കൊച്ചുമകളും പ്രശസ്ത കാലാവസ്ഥാ പത്രപ്രവര്‍ത്തകയുമായ ടാറ്റിയാന ഷ്‌ലോസ്‌ബെര്‍ഗ് (35) അന്തരിച്ചു. അര്‍ബുദ ബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. കെന്നഡി ലൈബ്രറി ഫൗണ്ടേഷനാണ് ഇന്ന് ടാറ്റിയാനയുടെ വിയോഗവാര്‍ത്ത പുറത്തുവിട്ടത്.

ഡിസൈനറായ എഡ്വിന്‍ ഷ്‌ലോസ്‌ബെര്‍ഗിന്റെയും നയതന്ത്രജ്ഞയായ കരോലിന്‍ കെന്നഡിയുടെയും മകളാണ്. കഴിഞ്ഞ മാര്‍ച്ചില്‍ രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയതിന് പിന്നാലെയാണ് ടാറ്റിയാനയ്ക്ക് 'അക്യൂട്ട് മൈലോയിഡ് ലുക്കീമിയ' (രക്തത്തെ ബാധിക്കുന്ന ക്യാന്‍സര്‍) സ്ഥിരീകരിച്ചത്. രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ഒരു വര്‍ഷത്തില്‍ താഴെ മാത്രമേ ആയുസ്സുണ്ടാകൂ എന്ന് ഡോക്ടര്‍മാര്‍ നേരത്തെ വിധിയെഴുതിയിരുന്നു.

കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ആഴത്തിലുള്ള പഠനങ്ങളും റിപ്പോര്‍ട്ടുകളും തയ്യാറാക്കിയിരുന്ന ടാറ്റിയാന, ന്യൂയോര്‍ക്ക് ടൈംസ് ഉള്‍പ്പെടെയുള്ള പ്രമുഖ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 'Inconspicuous Consumption' എന്ന പ്രശസ്തമായ പുസ്തകത്തിന്റെ രചയിതാവുമാണ്.

ജോണ്‍ എഫ്. കെന്നഡി ജൂനിയര്‍ (അമ്മാവന്‍), ജോണ്‍ എഫ്. കെന്നഡി (മുത്തച്ഛന്‍) എന്നിവരുടെ അപ്രതീക്ഷിത വിയോഗങ്ങള്‍ വേട്ടയാടിയ കെന്നഡി കുടുംബത്തിന് ടാറ്റിയാനയുടെ മരണം മറ്റൊരു വലിയ ആഘാതമായി. ന്യൂയോര്‍ക്കില്‍ കോണ്‍ഗ്രസിലേക്ക് മത്സരിക്കുന്ന ജാക്ക് ഷ്‌ലോസ്‌ബെര്‍ഗ് സഹോദരനാണ്.

രോഗാവസ്ഥയെക്കുറിച്ച് 'ന്യൂയോര്‍ക്കര്‍' മാസികയില്‍ എഴുതിയ ലേഖനത്തില്‍ തന്റെ മക്കള്‍ തന്നെ ഓര്‍ക്കുമോ എന്ന ഭയവും കുടുംബത്തിന് താന്‍ നല്‍കുന്ന വേദനയെക്കുറിച്ചുള്ള സങ്കടവും ടാറ്റിയാന പങ്കുവെച്ചിരുന്നു.

ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി കാലാവസ്ഥാ വ്യതിയാനമാണെന്ന് വിശ്വസിച്ചിരുന്ന ടാറ്റിയാന, തന്റെ എഴുത്തിലൂടെ ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ അവസാന നിമിഷം വരെ പരിശ്രമിച്ചു.