ക്രിസ്മസ് തലേന്ന് കാണാതായ പെണ്‍കുട്ടിക്കായുള്ള തിരച്ചിലിനിടെ മൃതദേഹം കണ്ടെത്തി

By: 600002 On: Dec 31, 2025, 8:14 AM



 

പി പി ചെറിയാന്‍

സാന്‍ അന്റോണിയോ: ക്രിസ്മസ് തലേന്ന് കാണാതായ 19 വയസ്സുകാരി കാമില മെന്‍ഡോസ ഓള്‍മോസിനായുള്ള തിരച്ചിലിനിടെ ഒരു മൃതദേഹം കണ്ടെത്തിയതായി ബെക്‌സര്‍ കൗണ്ടി ഷെരീഫ് അറിയിച്ചു. മൃതദേഹം കാമിലയുടേതാണോ എന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ഡിസംബര്‍ 24-ന് പുലര്‍ച്ചെ വീട്ടില്‍ നിന്നാണ് കാമിലയെ കാണാതായത്. ഫോണും ഐപാഡും വീട്ടില്‍ തന്നെ വെച്ച നിലയിലായിരുന്നു.

കണ്ടെത്തിയ മൃതദേഹത്തില്‍ സ്വയം പരിക്കേല്‍പ്പിച്ചതിന്റെ സൂചനകളുണ്ടെന്നും എന്നാല്‍ അസ്വാഭാവികമായ മറ്റ് ഇടപെടലുകള്‍  സംശയിക്കുന്നില്ലെന്നും ഷെരീഫ് ഹാവിയര്‍ സലാസര്‍ പറഞ്ഞു.

എഫ്.ബി.ഐയുടെയും ഹോംലാന്‍ഡ് സെക്യൂരിറ്റിയുടെയും സഹായത്തോടെ വലിയ രീതിയിലുള്ള തിരച്ചിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്നത്. കാമില മുന്‍പ് ആത്മഹത്യാ പ്രവണത കാണിച്ചിരുന്നതായി പോലീസ് സൂചിപ്പിച്ചു.

കൂടുതല്‍ ഫോറന്‍സിക് പരിശോധനകള്‍ക്ക് ശേഷം മാത്രമേ മൃതദേഹം ആരുടേതാണെന്ന് ഉറപ്പിക്കാന്‍ കഴിയൂ എന്ന് അധികൃതര്‍ വ്യക്തമാക്കി.