കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടയാളുടെ അഭയാർത്ഥി അപേക്ഷ നേരത്തെ നിരസിക്കപ്പെട്ടിരുന്നതായി കോടതി രേഖകൾ, കാനഡയിലെ ഇമിഗ്രേഷൻ സംവിധാനത്തെക്കുറിച്ച് വിമർശനം ഉയർന്നു

By: 600110 On: Dec 31, 2025, 7:49 AM

കാനഡയിലെ ഇമിഗ്രേഷൻ സംവിധാനത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തി പുതിയൊരു സംഭവം കൂടി ജനങ്ങൾക്കിടയിൽ ചർച്ചയാകുന്നു. വിദ്വേഷ കുറ്റകൃത്യങ്ങളിലും തട്ടിക്കൊണ്ടുപോകൽ കേസിലും പ്രതിയായ ആളുടെ അഭയാർത്ഥി അപേക്ഷ വർഷങ്ങൾക്ക് മുൻപ് നിരസിക്കപ്പെട്ടിരുന്നു എങ്കിലും പിന്നീട് ഇയാൾക്ക് കാനഡയിൽ സ്ഥിരതാമസത്തിനുള്ള അനുമതി ലഭിച്ചതാണ് ചർച്ചയ്ക്ക് വഴിവച്ചിരിക്കുന്നത്.

അസർബൈജാൻ സ്വദേശിയായ അസീസോവ്, സ്ത്രീകളോടും യഹൂദരോടുമുള്ള വിദ്വേഷം കാരണം മൂന്ന് സ്ത്രീകളെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതിനാണ് ഓഗസ്റ്റിൽ പിടിയിലായത്. ഇയാൾക്കൊപ്പം ഫരാദ് സാദത്ത്, വലീദ് ഖാൻ എന്നിവരും പ്രതികളാണ്. ഇവർക്കെതിരെ 80-ഓളം കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്; വലീദ് ഖാനെതിരെ ഐസിസ് ബന്ധം ചൂണ്ടിക്കാട്ടി ഭീകരവാദ കുറ്റവും ചുമത്തിയിട്ടുണ്ട്. 2017-ൽ തൻ്റെ 11-ാം വയസ്സിലാണ് മാതാപിതാക്കൾക്കൊപ്പം നിയമവിരുദ്ധമായി അതിർത്തി കടന്ന് അസീസോവ് കാനഡയിലെത്തിയത്.

2018-ൽ ഇവരുടെ അഭയാർത്ഥി അപേക്ഷ തള്ളിയ ഇമിഗ്രേഷൻ ബോർഡ്, ഇവരുടെ വാദങ്ങൾ വിശ്വസനീയമല്ലെന്ന് വ്യക്തമാക്കിയിരുന്നു. തുടർന്ന് 2019-ൽ ഫെഡറൽ കോടതിയും ഇവരുടെ അപ്പീലുകൾ നിരസിച്ചു. എന്നാൽ, പിന്നീട് 'മാനുഷിക പരിഗണന' മുൻനിർത്തി നൽകിയ അപേക്ഷയിലൂടെ കഴിഞ്ഞ വർഷം ഇവർക്ക് കാനഡയിൽ സ്ഥിരതാമസത്തിനുള്ള അനുമതി ലഭിച്ചു. ഭീകരവാദ ബന്ധമുണ്ടായിട്ടും അഹമ്മദ് ഫൗദ് എൽഡിഡി എന്നയാൾക്ക് കാനഡയിൽ പൗരത്വം ലഭിച്ചത് നേരത്തെ വിവാദമായിരുന്നു; അതിന് പിന്നാലെ ഈ കേസ് കൂടി പുറത്ത് വന്നത് കാനഡയുടെ സുരക്ഷാ പരിശോധനകളെപ്പറ്റി വലിയ ആശങ്കകഉയർത്തുന്നുണ്ട്.