2025-ൽ തങ്ങൾക്ക് ലഭിച്ച ഏറ്റവും വിചിത്രമായ ഫോൺ കോളുകളുടെ പട്ടിക പുറത്തുവിട്ട് ബി.സി.യിലെ 911 സേവനം നിയന്ത്രിക്കുന്ന കമ്പനിയായ ഇ-കോം. അടിയന്തര സാഹചര്യങ്ങളിലല്ലാതെ എത്രയധികം ആളുകൾ 911-ലേക്ക് വിളിക്കുന്നുണ്ടെന്ന് കൂടി ഈ പട്ടിക വ്യക്തമാക്കുന്നുണ്ട്. ഇത്തരം അനാവശ്യ കോളുകൾ വിലപ്പെട്ട സമയം കളയുന്നതായും, യഥാർത്ഥ അപകടത്തിൽപ്പെട്ടവർക്ക് സഹായം ലഭിക്കാൻ ഇത് താമസം വരുത്തുമെന്നും ഇ-കോം മുന്നറിയിപ്പ് നൽകുന്നു.
വാങ്ങിയ എയർ ഫ്രയർ തിരികെ എടുക്കാൻ വാൾമാർട്ട് തയ്യാറാകുന്നില്ല എന്ന പരാതിയുമായി 911-ലേക്ക് വിളിച്ചവരുണ്ട്. കൈവശമുള്ള ബാഗിന് വിമാനത്തിൽ നിയമപ്രകാരം അനുവദിച്ചിട്ടുള്ളതിനേക്കാൾ വലിപ്പമുണ്ടെന്ന് പരാതിപ്പെടാനാണ് ഒരാൾ വിളിച്ചത്. വീട്ടിലെ ഡിഷ് വാഷർ കേടായതിനെത്തുടർന്നാണ് മറ്റൊരാൾ 911 സഹായം തേടിയത്. റോഡിലെ സാധാരണ ഗതാഗതക്കുരുക്ക് വലിയൊരു അപകടം എന്ന നിലയിൽ ഒരാൾ റിപ്പോർട്ട് ചെയ്തു. സ്കൈട്രെയിൻ സ്റ്റേഷനിൽ തൻ്റെ ഐപാഡ് മറന്നുവെച്ചതിനാൽ സഹായം ചോദിച്ചും ഒരാൾ വിളിച്ചു. അപ്പാർട്ട്‌മെൻ്റിനുള്ളിൽ അകപ്പെട്ടൊരു ഒരു കടന്നലിനെ തുരത്താൻ സഹായം ചോദിച്ചായിരുന്നു മറ്റൊരു കോൾ. ചെയ്ത ഹെയർകട്ട് മോശമായിപ്പോയി എന്ന് പരാതിപ്പെടാൻ പോലും ഒരാൾ തുനിഞ്ഞു.
യഥാർത്ഥ അപകടങ്ങളിൽപ്പെട്ടവർക്ക് വേഗത്തിൽ സഹായം എത്തിക്കുകയാണ് 911 സേവനങ്ങളുടെ ലക്ഷ്യം. വരുന്ന ഓരോ കോളും ജീവൻ രക്ഷിക്കാനുള്ള ഒന്നായിക്കണ്ട് വളരെ ഗൗരവത്തോടെയാണ് ഇ-കോം ജീവനക്കാർ കൈകാര്യം ചെയ്യുന്നത്. അതിനാൽ നിസ്സാര കാര്യങ്ങൾക്കായി 911-ലേക്ക് വിളിക്കുന്നത് മറ്റൊരാളുടെ ജീവൻ രക്ഷിക്കാനുള്ള അവസരം നഷ്ടപ്പെടുത്തിയേക്കാമെന്നും ജീവനക്കാർ പറയുന്നു. 911 ശരിയായി ഉപയോഗിക്കുന്നതിനുള്ള ചില നിർദ്ദേശങ്ങളും അവർ വെബ്‌സൈറ്റിലൂടെ നൽകിയിട്ടുണ്ട്. ഇതനുസരിച്ച് ഒരാളുടെ ആരോഗ്യത്തിനോ സുരക്ഷയ്ക്കോ പെട്ടെന്ന് സഹായം വേണ്ടിവരുമ്പോൾ മാത്രം വിളിക്കുക. അബദ്ധത്തിൽ 911-ലേക്ക് വിളിച്ചുപോയാൽ, ഫോൺ കട്ട് ചെയ്യാതെ ലൈനിൽ തുടർന്ന് കാര്യം വിശദീകരിക്കുക (ഇല്ലെങ്കിൽ അപകടമാണെന്ന് കരുതി പോലീസ് തിരഞ്ഞു വരാൻ സാധ്യതയുണ്ട്).
ഗതാഗതക്കുരുക്കിനെക്കുറിച്ചോ കടന്നലിനെക്കുറിച്ചോ മോശം ഹെയർകട്ടിനെക്കുറിച്ചോ ഉള്ള ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ഞങ്ങൾ ചെലവാക്കുന്ന ഓരോ സെക്കൻഡും, ജീവൻ അപകടത്തിലായ ഒരാളെ സഹായിക്കാൻ ഉപയോഗിക്കേണ്ട വിലപ്പെട്ട സമയമാണ് എന്നും കോൾ ടേക്കറായ ബെയ്‌ലി മിച്ചൽ ഓർമ്മിപ്പിച്ചു.