സംഗീതവും നൃത്തവും വർണ്ണാഭമായ വെടിക്കെട്ടുമായി 2026-നെ വരവേൽക്കാൻ കാൽഗറി നഗരം ഒരുങ്ങി. ഡിസംബർ 31 രാത്രി 8 മണി മുതൽ ഈ ക്ലെയർ പ്ലാസ (Eau Claire Plaza), പ്രിൻസ് ഐലൻഡ് പാർക്ക് എന്നിവിടങ്ങളിലാണ് പ്രധാന ആഘോഷങ്ങൾ നടക്കുന്നത്. തത്സമയ സംഗീത പരിപാടികൾ, സ്കേറ്റിംഗ്, ഫുഡ് ട്രക്കുകൾ എന്നിവ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും. അർദ്ധരാത്രിയിൽ പ്രിൻസ് ഐലൻഡ് പാർക്കിൽ നടക്കുന്ന വർണ്ണാഭമായ വെടിക്കെട്ടോടെയാണ് പുതുവർഷത്തെ വരവേൽക്കുന്നത്. മേയർ ജെറോമി ഫാർക്കസ് നഗരവാസികൾക്ക് പുതുവത്സര ആശംസകൾ നേർന്നു.
ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തുന്നവർക്കായി നഗരസഭ സൗജന്യ ഷട്ടിൽ ബസ് സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഡിസംബർ 31 രാത്രി 9 മണി മുതൽ ജനുവരി 1 പുലർച്ചെ 1:30 വരെ ഓരോ 45 മിനിറ്റിലും ബസ് സർവീസുകൾ ലഭ്യമാകും. കനത്ത തണുപ്പും പാർക്കിംഗ് സൗകര്യങ്ങളുടെ പരിമിതിയും കണക്കിലെടുത്താണ് മെമ്മോറിയൽ ഡ്രൈവിലെ ലോട്ട് 59-ൽ നിന്നും നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് ഈ പ്രത്യേക സർവീസുകൾ നടത്തുന്നത്. നേരിട്ട് എത്താൻ സാധിക്കാത്തവർക്കായി വെടിക്കെട്ട് തത്സമയം ഓൺലൈനിലൂടെ കാണാനുള്ള സൗകര്യവും അധികൃതർ ഒരുക്കിയിട്ടുണ്ട്.