അഭയനയത്തില്‍ കടുത്ത നിയന്ത്രണങ്ങളുമായി ട്രംപ് സര്‍ക്കാര്‍; ഇന്ത്യക്കാര്‍ക്കും തിരിച്ചടിയായേക്കാം

By: 600002 On: Dec 30, 2025, 11:01 AM


 

പി പി ചെറിയാന്‍

വാഷിംഗ്ടണ്‍: അമേരിക്കയിലെ അഭയ (Asylum) നിയമങ്ങളിലെ പഴുതുകള്‍ അടയ്ക്കുന്നതിന്റെ ഭാഗമായി കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ട്രംപ് ഭരണകൂടം. അഭയാര്‍ത്ഥികളെ യുഎസില്‍ താമസിപ്പിക്കുന്നതിന് പകരം മറ്റു മൂന്നാം രാജ്യങ്ങളിലേക്ക് മാറ്റാനാണ് പുതിയ നീക്കം.

ഉഗാണ്ട, ഹോണ്ടുറാസ്, ഇക്വഡോര്‍ തുടങ്ങിയ രാജ്യങ്ങളുമായി യുഎസ് ധാരണയിലെത്തിയിട്ടുണ്ട്. അഭയാര്‍ത്ഥികള്‍ക്ക് ഈ രാജ്യങ്ങളില്‍ സംരക്ഷണം തേടാം. മുമ്പ് ആ രാജ്യങ്ങളുമായി ബന്ധമില്ലാത്തവരെപ്പോലും അവിടേക്ക് അയക്കാന്‍ കോടതികളോട് ഇമിഗ്രേഷന്‍ വിഭാഗം ആവശ്യപ്പെട്ടു.

ഹിയറിംഗുകള്‍ ഇല്ലാതെ തന്നെ അഭയ അപേക്ഷകള്‍ തള്ളാന്‍ ജഡ്ജിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. നവംബര്‍ മാസത്തില്‍ മാത്രം അയ്യായിരത്തോളം അപേക്ഷകള്‍ ഇത്തരത്തില്‍ തള്ളാന്‍ നീക്കം നടന്നു.

രാഷ്ട്രീയ പീഡനം ആരോപിച്ച് സിഖ് വിഘടനവാദി ഗ്രൂപ്പുകളുടെ പിന്തുണയോടെ അഭയം തേടുന്ന ഇന്ത്യക്കാര്‍ക്ക് ഈ നീക്കം വലിയ തിരിച്ചടിയാകും. പഞ്ചാബില്‍ ഇത്തരത്തിലുള്ള പീഡനങ്ങള്‍ നടക്കുന്നില്ലെന്ന് ഇന്ത്യ ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയില്‍ ക്രിമിനല്‍ കേസുകള്‍ നേരിടുന്നവര്‍ വിദേശത്ത് അഭയം തേടുന്നത് തടയാന്‍ ഇത് സഹായിക്കും.

ഒരു വര്‍ഷത്തിനുള്ളില്‍ ആറ് ലക്ഷം പേരെ നാടുകടത്താനാണ് ട്രംപ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നിലവില്‍ 37 ലക്ഷത്തിലധികം കേസുകള്‍ ഇമിഗ്രേഷന്‍ കോടതികളുടെ പരിഗണനയിലുണ്ട്.

മാനുഷിക പരിഗണനകള്‍ നല്‍കുന്ന അമേരിക്കന്‍ അഭയ നിയമത്തെ തകര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മനുഷ്യാവകാശ സംഘടനകള്‍ ആരോപിക്കുന്നു. എന്നാല്‍, സുരക്ഷിതമായ രാജ്യം എന്നതിനാണ് പ്രാധാന്യം നല്‍കേണ്ടതെന്നും ഇഷ്ടമുള്ള രാജ്യം തിരഞ്ഞെടുക്കാനുള്ള വഴിയല്ല 'അഭയം' എന്നും ഭരണകൂടം തിരിച്ചടിക്കുന്നു.