പി പി ചെറിയാന്‍
ഡാളസ്: ഡാളസിലെ മക്കിനി (McKinney) മുന്‍ സിറ്റി മാനേജരെയും ഭാര്യയെയും ഞായറാഴ്ച രാവിലെ മക്കിന്നിയിലെ ഒരു വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇവരുടെ മകനാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു. ലിയോനാര്‍ഡ് ഫ്രാങ്ക് റാഗന്‍ (73), ഭാര്യ ജാക്കി റാഗന്‍ (72) എന്നിവരാണ് കൊല്ലപ്പെട്ടത്. ഡണ്‍സ്റ്റര്‍ ഡ്രൈവിലെ വീടിനുള്ളിലായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ദമ്പതികളെക്കുറിച്ച് ദിവസങ്ങളായി വിവരമൊന്നുമില്ലാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ശനിയാഴ്ച രാത്രി പോലീസ് എത്തിയെങ്കിലും ആരെയും കാണാത്തതിനാല്‍ മടങ്ങിപ്പോയി. എന്നാല്‍ ഞായറാഴ്ച രാവിലെ വീണ്ടും ബന്ധുക്കള്‍ ആവശ്യപ്പെട്ടതനുസരിച്ച് പോലീസ് വീടിന്റെ പിന്‍വാതില്‍ വഴി അകത്തു പ്രവേശിച്ചപ്പോഴാണ് ദമ്പതികളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
ദമ്പതികളുടെ മകനായ ബ്രൈസ് റാഗന്‍ (34) തോക്കുമായി ഒരു കിടപ്പുമുറിയില്‍ ഒളിച്ചിരിക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ ബ്രൈസിന് നേരെ വെടിയുതിര്‍ത്തു. പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ഇയാള്‍ അപകടനില തരണം ചെയ്തതായി പോലീസ് അറിയിച്ചു.
മക്കിന്നി പോലീസ് ഈ ഇരട്ടക്കൊലപാതകത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണ്.