ഒൻ്റാരിയോയിൽ ശക്തമായ ശീതക്കാറ്റിനെ തുടർന്ന് വൈദ്യുതി ബന്ധം താറുമാറായി. ഡിസംബർ 29-ന് ഉണ്ടായ ശക്തമായ ശീതക്കാറ്റിൽ അറുപതിനായിരത്തിലധികം ഉപഭോക്താക്കൾക്ക് വൈദ്യുതി ബന്ധം നഷ്ടമായതായി ഹൈഡ്രോ വൺ അറിയിച്ചു. ശക്തമായ മഞ്ഞുവീഴ്ചയിലും കാറ്റിലും പ്രവിശ്യയിലുടനീളമുള്ള വൈദ്യുതി ലൈനുകൾക്ക് കേടുപാടുകൾ സംഭവിച്ചു. അറ്റകുറ്റപ്പണികൾക്കായി ഹൈഡ്രോ വൺ ജീവനക്കാരെ ഉടൻ തന്നെ നിയോഗിച്ചെങ്കിലും പ്രതികൂല കാലാവസ്ഥ കാരണം വൈദ്യുതി പുനഃസ്ഥാപിക്കുന്നത് ദുഷ്കരമാണെന്ന് കമ്പനി അറിയിച്ചു. ചില പ്രദേശങ്ങളിൽ വൈദ്യുതി പുനസ്ഥാപിക്കാൻ ദിവസങ്ങളോളം എടുത്തേക്കാം.
റോഡുകളിലെ മഞ്ഞും കാഴ്ചാപരിമിതിയും കാരണം യാത്രകൾ അപകടസാധ്യതയുള്ളതായി മാറി. അത്യാവശ്യമല്ലാത്ത സാഹചര്യങ്ങളിൽ ആളുകൾ വീട്ടിൽ തന്നെ തുടരണമെന്ന് ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു. വൈദ്യുതി ഇല്ലാത്ത കുടുംബങ്ങൾ അതത് പ്രദേശങ്ങളിലെ 'വാമിംഗ് സെൻ്ററുകൾ' ഉപയോഗപ്പെടുത്തണമെന്നും അറിയിപ്പുണ്ട്. പൊട്ടിവീണ വൈദ്യുതി ലൈനുകളുടെ അടുത്തേക്ക് പോകരുതെന്ന് ഹൈഡ്രോ വൺ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി. അറ്റകുറ്റപ്പണികളുടെ പുരോഗതിയെക്കുറിച്ച് കൃത്യമായ വിവരങ്ങൾ നൽകുമെന്ന് കമ്പനി ഉറപ്പുനൽകി. സുരക്ഷയ്ക്കും വീടുകളിലെ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുന്നതിനുമാണ് പ്രഥമ പരിഗണനയെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.