ന്യൂജേഴ്സിയില്‍ രണ്ട് ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ചു: ഒരാള്‍ മരിച്ചു, ഒരാള്‍ക്ക് ഗുരുതര പരിക്ക്

By: 600002 On: Dec 29, 2025, 4:48 PM


 

പി പി ചെറിയാന്‍

ഹാമണ്‍ടണ്‍(ന്യൂജേഴ്സി): ഡിസംബര്‍ 28ന്  അമേരിക്കയിലെ ന്യൂജേഴ്സിയിലുണ്ടായ രണ്ട് ഹെലികോപ്റ്ററുകള്‍ ആകാശത്തുവെച്ചു കൂട്ടിയിടിച്ചതിനെ തുടര്‍ന്നുള്ള  അപകടത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മറ്റൊരാളെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഞായറാഴ്ച രാവിലെ ഏകദേശം 11 മണിയോടെയാണ് അപകടം നടന്നത്. ഹാമണ്‍ടണിലെ ബേസിന്‍ റോഡിനും വൈറ്റ് ഹോഴ്സ് പൈക്കിനും സമീപമുള്ള പ്രദേശത്താണ് ഹെലികോപ്റ്ററുകള്‍ തകര്‍ന്നു വീണത്.

അന്തരീക്ഷത്തില്‍ വെച്ച് കൂട്ടിയിടിച്ച രണ്ട് ഹെലികോപ്റ്ററുകളും താഴേക്ക് പതിക്കുകയായിരുന്നു. ഇതില്‍ ഒരു ഹെലികോപ്റ്റര്‍ തകര്‍ന്ന ഉടന്‍ തന്നെ തീപിടിച്ച് പൂര്‍ണ്ണമായും നശിച്ചു.

ഹാമണ്‍ടണ്‍ പോലീസ് വകുപ്പും ഫയര്‍ഫോഴ്സും ഉടനടി സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. തകര്‍ന്ന അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് മരണപ്പെട്ടയാളെയും പരിക്കേറ്റയാളെയും കണ്ടെത്തിയത്. പരിക്കേറ്റ വ്യക്തിയുടെ നില അതീവ ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു.

അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ (FAA), നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് (NTSB) എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അപകടകാരണം ഇതുവരെ വ്യക്തമായിട്ടില്ല. അന്വേഷണം തുടരുന്ന സാഹചര്യത്തില്‍ ബേസിന്‍ റോഡ് വഴിയുള്ള യാത്ര ഒഴിവാക്കണമെന്ന് പോലീസ് പ്രദേശവാസികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.