ഒൻ്റാരിയോയിൽ തൊഴിൽ മേഖലയിൽ വലിയ മാറ്റങ്ങൾ ലക്ഷ്യമിട്ട് പുതിയ നിയമങ്ങൾ 2026 ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്നു. ഇതനുസരിച്ച്, 25-ൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങൾ തൊഴിൽ പരസ്യങ്ങളിൽ ശമ്പള വിവരങ്ങൾ നിർബന്ധമായും നൽകണം. ശമ്പളത്തിൻ്റെ ഒരു പരിധി ആണ് നൽകുന്നതെങ്കിൽ, അതിലെ ഏറ്റവും കുറഞ്ഞ തുകയും കൂടിയ തുകയും തമ്മിലുള്ള വ്യത്യാസം വർഷം 50,000 ഡോളറിൽ കൂടാൻ പാടില്ല. കൂടാതെ, അപേക്ഷകരെ തിരഞ്ഞെടുക്കാൻ AI ഉപയോഗിക്കുന്നുണ്ടെങ്കിൽ അക്കാര്യവും തൊഴിലുടമകൾ വ്യക്തമാക്കേണ്ടതുണ്ട്.
വിദേശത്തു നിന്നുള്ള പ്രൊഫഷണലുകൾക്ക് ഏറെ ആശ്വാസകരമായ മറ്റൊരു നിയമവും ഇതിനൊപ്പമുണ്ട്. തൊഴിൽ പരസ്യങ്ങളിൽ Canadian Experience ഒരു യോഗ്യതയായി ചോദിക്കുന്നത് ഇനി മുതൽ നിരോധിക്കും. കൂടാതെ, അവസാന അഭിമുഖം കഴിഞ്ഞ് 45 ദിവസത്തിനുള്ളിൽ ജോലി ലഭിച്ചോ ഇല്ലയോ എന്ന വിവരം അപേക്ഷകനെ അറിയിക്കണമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു. ഈ മാറ്റങ്ങൾ നിയമന പ്രക്രിയയിൽ കൂടുതൽ സുതാര്യത കൊണ്ടുവരുമെന്ന് സർക്കാർ അവകാശപ്പെടുമ്പോഴും, പ്രായോഗിക തലത്തിൽ ഇത് ഉദ്യോഗാർത്ഥികൾക്ക് എത്രത്തോളം ഗുണകരമാകുമെന്ന കാര്യത്തിൽ സാമ്പത്തിക വിദഗ്ധർക്കിടയിൽ ഭിന്നാഭിപ്രായമുണ്ട്.