ചികിത്സ വൈകി മലയാളി യുവാവ് മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആൽബർട്ട സർക്കാർ

By: 600110 On: Dec 29, 2025, 12:50 PM

ചികിത്സ വൈകി മലയാളി യുവാവ് മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആൽബർട്ട സർക്കാർ. എഡ്മൻ്റണിലെ ഗ്രേ നൺസ് കമ്മ്യൂണിറ്റി ഹോസ്പിറ്റലിൽ ചികിത്സയ്ക്കായി മണിക്കൂറുകളോളം കാത്തിരുന്ന മലയാളി യുവാവ് മരണപ്പെട്ട സംഭവത്തിലാണ് ആൽബർട്ട സർക്കാർ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ടത്.

അക്കൗണ്ടൻ്റും മൂന്ന് കുട്ടികളുടെ പിതാവുമായ 44 വയസ്സുകാരൻ പ്രശാന്ത് ശ്രീകുമാറാണ് കഴിഞ്ഞ തിങ്കളാഴ്ച ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ കാത്തിരിപ്പിനിടെ അന്തരിച്ചത്. നെഞ്ചുവേദനയെത്തുടർന്ന് ആശുപത്രിയിൽ എത്തിയ പ്രശാന്തിന് എട്ട് മണിക്കൂറോളം കഴിഞ്ഞിട്ടും വിദഗ്ധ ചികിത്സ ലഭ്യമായില്ലെന്നും തുടർന്നുണ്ടായ ഹൃദയസ്തംഭനമാണ് മരണകാരണമെന്നും ബന്ധുക്കൾ ആരോപിക്കുന്നു. സംഭവത്തിൽ ആൽബർട്ട ആരോഗ്യ മന്ത്രി മാറ്റ് ജോൺസ് തീവ്ര ദുഃഖം രേഖപ്പെടുത്തുകയും, അക്യൂട്ട് കെയർ ആൽബർട്ടയോടും കവനൻ്റ് ഹെൽത്തിനോടും സംയുക്തമായി മരണത്തെക്കുറിച്ച് വിശദമായ പുനഃപരിശോധന നടത്താൻ നിർദ്ദേശിക്കുകയും ചെയ്തു. പ്രീമിയർ ഡാനിയൽ സ്മിത്തും കുടുംബത്തിനെ അനുശോചനം അറിയിച്ചു. ഇതിനുപുറമെ ചീഫ് മെഡിക്കൽ എക്സാമിനറുടെ നേതൃത്വത്തിൽ സ്വതന്ത്രമായ മറ്റൊരു അന്വേഷണവും നടക്കുന്നുണ്ട്. അതേസമയം, കാനഡയിലെ ആരോഗ്യമേഖലയിലെ ജീവനക്കാരുടെ കുറവും അപര്യാപ്തമായ സൗകര്യങ്ങളുമാണ് ഇത്തരം ദുരന്തങ്ങൾക്ക് കാരണമാകുന്നതെന്ന് പ്രതിപക്ഷമായ എൻ.ഡി.പി വിമർശിച്ചു.