ഉക്രെയ്‌ന് 2.5 ബില്യൺ ഡോളറിൻ്റെ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് കാനഡ. 2.5 ബില്യൺ ഡോളറിൻ്റെ സാമ്പത്തിക സഹായമാണ് പുതുതായി പ്രഖ്യാപിച്ചിരിക്കുന്നത്. കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഹാലിഫാക്സിൽ ഉക്രെയ്ൻ പ്രസിഡൻ്റ് വോളോഡിമിർ സെലെൻസ്‌കിയുമായുള്ള കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.
ഈ വർഷം സെലെൻസ്‌കി നടത്തുന്ന രണ്ടാമത്തെ കനേഡിയൻ സന്ദർശനമാണിത്. ഉക്രെയ്നിൽ റഷ്യൻ അധിനിവേശം തുടരുന്ന സാഹചര്യത്തിലാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്. സമാധാനം കൈവരുന്നത് വരെ കാനഡ ഉക്രെയ്‌നൊപ്പം ഉറച്ചുനിൽക്കുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി പറഞ്ഞു. റഷ്യയുടെ അധിനിവേശം ആരംഭിച്ചത് മുതൽ ഏകദേശം 22 ബില്യൺ ഡോളറിൻ്റെ സഹായം കാനഡ ഉക്രെയ്‌ന് നൽകിയിട്ടുണ്ട്. ഇതിൽ 12 ബില്യൺ ഡോളറിലധികം തുക നേരിട്ടുള്ള സാമ്പത്തിക സഹായമായിരുന്നു.
ഐ.എം.എഫ് (IMF) വായ്പാ സഹായം, ലോകബാങ്ക്, യൂറോപ്യൻ ബാങ്ക് എന്നിവയ്ക്കുള്ള ഗ്യാരൻ്റികൾ എന്നിവ ഉൾപ്പെട്ടതാണ് പുതിയ പാക്കേജ്. ഉക്രെയ്നിലെ പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കും വികസന പദ്ധതികൾക്കും ഊർജ്ജ സുരക്ഷയ്ക്കും ഈ തുക സഹായകമാകും. സൈനിക സഹായത്തിനായി 200 മില്യൺ ഡോളറും ഡ്രോണുകൾക്കായി 50 മില്യൺ ഡോളറും ഈ മാസം ആദ്യം കാനഡ വാഗ്ദാനം ചെയ്തിരുന്നു. ഉക്രെയ്‌നെ പ്രതിരോധിക്കുക, തകർന്ന പ്രദേശങ്ങൾ പുനർനിർമ്മിക്കുക, ശാശ്വതമായ സമാധാനം സ്ഥാപിക്കുക എന്നിവയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇരു നേതാക്കളും പറഞ്ഞു.