ക്രിസ്മസ് ദിനത്തില്‍ ദാരുണം: ന്യൂയോര്‍ക്കില്‍ മലയാളി നഴ്‌സിംഗ് വിദ്യാര്‍ത്ഥിയും സിവിഎസ് ജീവനക്കാരനുമായ യുവാവ് കുത്തേറ്റ് മരിച്ചു

By: 600002 On: Dec 27, 2025, 12:32 PM



 

പി പി ചെറിയാന്‍

ന്യൂയോര്‍ക്: ന്യൂയോര്‍ക്കിലെ ലോംഗ് ഐലന്‍ഡില്‍ ക്രിസ്മസ് ദിനത്തില്‍ ഉണ്ടായ ആക്രമണത്തില്‍ 23 വയസ്സുകാരനായ സിവിഎസ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു. വെസ്റ്റ് ബാബിലോണ്‍ സ്വദേശിയായ എഡീഡ്‌സണ്‍ സിന്‍ ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച (ഡിസംബര്‍ 25) വൈകുന്നേരം 6:50-ഓടെയാണ് സംഭവം.

ലിന്‍ഡന്‍ഹര്‍സ്റ്റിലെ ഈസ്റ്റ് മോണ്ടോക്ക് ഹൈവേയിലുള്ള സിവിഎസ് ഫാര്‍മസിയില്‍ ജോലി ചെയ്തുകൊണ്ടിരിക്കെയാണ് എഡീഡ്‌സണ് കുത്തേറ്റത്. നെഞ്ചില്‍ മാരകമായി മുറിവേറ്റ യുവാവിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മറ്റൊരാള്‍ക്ക് പകരം അവസാന നിമിഷം ഷിഫ്റ്റ് ഏറ്റെടുത്താണ് എഡീഡ്‌സണ്‍ അന്ന് ജോലിക്ക് പോയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. കഴിഞ്ഞ 10 മാസമായി അദ്ദേഹം ഈ സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു.

40 വയസ്സിന് മുകളില്‍ പ്രായം തോന്നിക്കുന്ന ഒരാളാണ് ആക്രമണം നടത്തിയത്. ഇയാള്‍ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു.

കടയ്ക്കുള്ളിലെ സിസിടിവി ദൃശ്യങ്ങള്‍ നല്‍കാന്‍ സിവിഎസ് അധികൃതര്‍ വൈകിയത് പ്രതിയെ പിടികൂടാനുള്ള നീക്കത്തെ തടസ്സപ്പെടുത്തിയതായി പോലീസ് കമ്മീഷണര്‍ കെവിന്‍ കാറ്റലീന കുറ്റപ്പെടുത്തി. നിലവില്‍ ഒരു 'പേഴ്‌സണ്‍ ഓഫ് ഇന്‍ട്രസ്റ്റിനെ' (സംശയിക്കുന്ന ആള്‍) കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

പ്രതിയെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ 1-800-220-TIPS എന്ന നമ്പറില്‍ അറിയിക്കണമെന്ന് സഫോക്ക് കൗണ്ടി പോലീസ് അഭ്യര്‍ത്ഥിച്ചു.