അമേരിക്കന്‍ വിസ തീരുമാനിക്കാന്‍ ബ്യൂട്ടി സലൂണ്‍ ഉടമയെ നിയമിച്ചു; ട്രംപിന്റെ നീക്കത്തില്‍ ചര്‍ച്ചകള്‍ കൊഴുക്കുന്നു

By: 600002 On: Dec 27, 2025, 12:20 PM



 

പി പി ചെറിയാന്‍

വാഷിംഗ്ടണ്‍ ഡി സി: അമേരിക്കയിലേക്ക് ആരെ പ്രവേശിപ്പിക്കണം, ആരുടെ വിസ റദ്ദാക്കണം എന്ന് തീരുമാനിക്കുന്ന നിര്‍ണ്ണായക പദവിയിലേക്ക് ഒരു അഭിഭാഷകയും ബ്യൂട്ടി സലൂണ്‍ ഉടമയുമായ മോള നംദാറിനെ നിയമിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിലെ കണ്‍സുലര്‍ അഫയേഴ്സ് അസിസ്റ്റന്റ് സെക്രട്ടറിയായാണ് ഇവര്‍ നിയമിതയായത്.

പാസ്പോര്‍ട്ട് വിതരണം, വിസ അനുവദിക്കല്‍, റദ്ദാക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ ഇനിയുള്ള തീരുമാനങ്ങള്‍ മോള നംദാറിന്റെ കീഴിലായിരിക്കും.

ടെക്‌സസില്‍ 'Bam' എന്ന പേരില്‍ പ്രശസ്തമായ ബ്യൂട്ടി സലൂണ്‍ ശൃംഖല നടത്തുന്നയാളാണ് മോള. ഒപ്പം സ്വന്തമായി ഒരു നിയമസ്ഥാപനവും ഇവര്‍ക്കുണ്ട്. ഇറാാനി കുടിയേറ്റക്കാരുടെ മകളായ ഇവര്‍ ട്രംപിന്റെ ആദ്യ ഭരണകാലത്തും താല്‍ക്കാലികമായി ഈ പദവി വഹിച്ചിട്ടുണ്ട്.

ട്രംപിന്റെ രണ്ടാം ഊഴത്തിലെ വിവാദ നയരേഖയായ 'പ്രോജക്റ്റ് 2025'-ല്‍ പങ്കാളിയായ വ്യക്തി കൂടിയാണ് മോള നംദാര്‍.
ഒരു സലൂണ്‍ ഉടമയെ ഇത്തരം ഗൗരവകരമായ പദവിയില്‍ നിയമിച്ചതിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ടെങ്കിലും, അവര്‍ മികച്ച അഭിഭാഷകയും കഴിവുള്ള ഉദ്യോഗസ്ഥയുമാണെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വ്യക്തമാക്കി.

അമേരിക്കയുടെ വിദേശനയങ്ങളെ എതിര്‍ക്കുന്നവര്‍ക്കും സോഷ്യല്‍ മീഡിയയില്‍ അമേരിക്കന്‍ വിരുദ്ധത പ്രചരിപ്പിക്കുന്ന യൂറോപ്യന്‍ പൗരന്മാര്‍ക്കും വിസ നിഷേധിക്കുന്നതടക്കമുള്ള കര്‍ശന നടപടികള്‍ക്ക് ഇവര്‍ നേതൃത്വം നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.