എഡ്മൻ്റണിൽ ചികിത്സ കിട്ടാതെ മലയാളി മരിച്ചതിനെ തുടർന്ന് കാനഡയിലെ ആരോഗ്യപരിചരണ സംവിധാനത്തെ വിമർശിച്ച് ഇലോൺ മസ്ക്. കാനഡയിലെ ആരോഗ്യ സംവിധാനത്തെ രൂക്ഷമായി പരിഹസിച്ച മസ്ക്ക് പൊതു ആരോഗ്യ സംവിധാനങ്ങൾ എത്രത്തോളം പരാജയപ്പെടാം എന്നതിൻ്റെ ഉദാഹരണമാണ് കാനഡയെന്നും വ്യക്തമാക്കി. എഡ്മൻ്റണിലെ ആശുപത്രിയിൽ ചികിത്സ കിട്ടാതെ 44 വയസ്സുകാരനായ പ്രശാന്ത് ശ്രീകുമാർ എന്ന മലയാളി മരിച്ചത് കഴിഞ്ഞ ദിവസമാണ്.
ജോലിസ്ഥലത്ത് വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്നാണ് പ്രശാന്തിനെ ഗ്രേ നൺസ് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിലെ എമർജൻസി റൂമിൽ ഏകദേശം എട്ട് മണിക്കൂറോളം കാത്തിരുന്ന ശേഷമാണ് പ്രശാന്തിൻ്റെ ഭാര്യ ആശുപത്രിയിലെ ദുരവസ്ഥയും ഭർത്താവിൻ്റെ മരണവും വിവരിക്കുന്ന ഒരു വീഡിയോ പങ്കുവെച്ചിരുന്നു. ഈ വീഡിയോ തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'X'-ൽ പങ്കുവെച്ചുകൊണ്ട് മസ്ക് കാനഡയിലെ സർക്കാർ നിയന്ത്രിത ആരോഗ്യ സംവിധാനത്തെ രൂക്ഷമായി പരിഹസിച്ചു. പൊതു ആരോഗ്യ സംവിധാനങ്ങൾ എത്രത്തോളം പരാജയപ്പെടാം എന്നതിൻ്റെ ഉദാഹരണമാണ് കാനഡയെന്ന് അദ്ദേഹം പറഞ്ഞു.
കാനഡയിലെ ഇന്ത്യൻ വംശജർക്കിടയിൽ ഈ സംഭവം വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ആശുപത്രിയുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണിതെന്നും അധികൃതർ ഇതിന് മറുപടി പറയണമെന്നും കുടുംബം ആവശ്യപ്പെട്ടു. വിഷയത്തിൽ ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയവും പ്രതികരിച്ചു. കാനഡ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ടു. കാനഡയിലെ ആശുപത്രികളിൽ ചികിത്സയ്ക്കായി നീണ്ട സമയം കാത്തിരിക്കേണ്ടി വരുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ ഈ സംഭവത്തോടെ വീണ്ടും സജീവമായിട്ടുണ്ട്. മസ്കിൻ്റെ ഇടപെടലോടെ ഈ വിഷയം ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.