അമേരിക്കയിൽ നിന്ന് കാനഡയിലേക്ക് കടക്കാൻ ശ്രമിക്കുന്ന കുടിയേറ്റക്കാരുടെ എണ്ണത്തിൽ വൻ കുറവുണ്ടായതായി റിപ്പോർട്ട്. കാനഡ അതിർത്തി നിയമങ്ങൾ കർശനമാക്കിയതോടെ, അതിർത്തി കടക്കുന്നവർ വേഗത്തിൽ തന്നെ അമേരിക്കയിലേക്ക് തിരിച്ചയക്കപ്പെടുകയും അവിടെ ഇമിഗ്രേഷൻ അധികൃതരുടെ തടവിലാകുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്. . വേനൽക്കാലത്ത് ആയിരക്കണക്കിന് ആളുകളാണ് അതിർത്തി കടക്കാൻ ശ്രമിച്ചിരുന്നത്. ഇപ്പോൾ ആ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്.
ക്യൂബെക്കിലെ അനധികൃത അതിർത്തികൾ വഴിയാണ് ഭൂരിഭാഗം അഭയാർത്ഥികളും കാനഡയിലേക്ക് കടക്കാൻ ശ്രമിച്ചിരുന്നത്. ക്യൂബെക്കിലെ സെ-ബെർണാഡ്-ഡി-ലാക്കോൾ അതിർത്തിയിൽ മാർച്ചും ഓഗസ്റ്റും മാസങ്ങൾക്കിടയിൽ പ്രതിമാസം ശരാശരി 1,900 അഭയാർത്ഥി അപേക്ഷകൾ ലഭിച്ചിരുന്നു. എന്നാൽ നവംബറിൽ ഇത് 518 ആയി കുറഞ്ഞു. കഴിഞ്ഞ വർഷം ഇതേ സമയം ഇത് 637 ആയിരുന്നു. ഈ വർഷത്തെ ആദ്യ 11 മാസത്തിനുള്ളിൽ മാത്രം കാനഡ 4,035 അഭയാർത്ഥികളെ അമേരിക്കയിലേക്ക് തിരിച്ചയച്ചു. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 29% കൂടുതലാണ്.
കാനഡ കുടിയേറ്റ നിയമങ്ങൾ കർശനമാക്കിയതോടെ അഭയാർത്ഥികൾക്ക് രാജ്യത്ത് തുടരുന്നത് പ്രയാസകരമായി മാറിയിട്ടുണ്ട്. പുതിയ നിയമങ്ങൾ അനുസരിച്ച്, അതിർത്തി കടക്കുന്ന ഭൂരിഭാഗം പേരെയും യുഎസ് അധികൃതരുടെ കസ്റ്റഡിയിലേക്ക് തന്നെ തിരിച്ചയക്കുകയാണ് ചെയ്യുന്നത്. കാനഡ തിരിച്ചയക്കുന്നവർ അമേരിക്കൻ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെൻ്റിൻ്റെ തടവിലാകാനാണ് സാധ്യത കൂടുതൽ. കാനഡയുടെ ഈ കർശന നിലപാട് രാജ്യത്തെ കുടിയേറ്റ സംവിധാനത്തെ സംരക്ഷിക്കുമെന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ, ഇത് പാവപ്പെട്ട മനുഷ്യരെ അപകടത്തിലാക്കുമെന്നാണ് വിമർശകരുടെ നിലപാട്.