പുതുവർഷത്തെക്കുറിച്ച് ഭൂരിഭാഗം കാനഡക്കാർക്കും വലിയ പ്രതീക്ഷകളില്ലെന്ന്  സർവ്വേ

By: 600110 On: Dec 27, 2025, 10:09 AM

പുതുവർഷത്തെക്കുറിച്ച് ഭൂരിഭാഗം കാനഡക്കാർക്കും വലിയ പ്രതീക്ഷകളില്ലെന്ന്  സർവ്വേ. വരാനിരിക്കുന്ന പുതുവർഷത്തിൽ കാനഡക്കാരിൽ മൂന്നിലൊന്ന് ആളുകൾ മാത്രമേ ശുഭപ്രതീക്ഷ പുലർത്തുന്നുള്ളൂ എന്നാണ് പുതിയ ലെഗർ പോൾ സർവ്വെയിലുള്ളത്. സർവ്വേയിൽ പങ്കെടുത്തവരിൽ 35 ശതമാനം പേർ മാത്രമാണ് 2026 വർഷം മികച്ചതായിരിക്കുമെന്ന് വിശ്വസിക്കുന്നത്. ഏകദേശം 37 ശതമാനം പേർ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും, 22 ശതമാനം പേർ സാഹചര്യം കൂടുതൽ മോശമാകുമെന്നും കരുതുന്നു.

യുവാക്കളാണ് വരും വർഷത്തെക്കുറിച്ച് കൂടുതൽ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.  അതേ സമയം പാൻഡെമിക് കാലഘട്ടത്തെ അപേക്ഷിച്ച് കാനഡക്കാരുടെ മാനസികാരോഗ്യത്തിൽ കാര്യമായ പുരോഗതി ഉണ്ടായതായി സർവ്വേ സൂചിപ്പിക്കുന്നു. 86 ശതമാനം ആളുകളും തങ്ങൾ നല്ല മാനസികാരോഗ്യം പുലർത്തുന്നതായി രേഖപ്പെടുത്തി. ഇതിൽ 55 വയസ്സിന് മുകളിലുള്ളവരാണ്  ഏറ്റവും മികച്ച മാനസികാരോഗ്യം പ്രകടിപ്പിച്ചത്. പ്രവിശ്യകൾ തിരിച്ചു നോക്കിയാൽ ക്യൂബെക്കിലുള്ളവരാണ് മാനസികമായി ഏറ്റവും സംതൃപ്തർ. വരാനിരിക്കുന്ന വർഷത്തെക്കുറിച്ച് മുതിർന്നവർക്ക് ആശങ്കയുണ്ടെങ്കിലും, യുവാക്കളെ അപേക്ഷിച്ച് മികച്ച മാനസികാവസ്ഥ നിലനിർത്താൻ അവർക്ക് സാധിക്കുന്നുണ്ടെന്ന് സർവ്വേ വിശകലനം ചെയ്തുകൊണ്ട് വിദഗ്ധർ പറയുന്നു.