കാനഡയിൽ പലർക്കും വ്യായാമം ഒരു ശീലമാക്കാൻ സാധിക്കാത്തതിന്റെ പ്രധാന കാരണം സമയക്കുറവോ താല്പര്യമില്ലായ്മയോ അല്ല, മറിച്ച് ഫിറ്റ്‌നസ് സെൻ്ററുകളിലെ ഉയർന്ന ചെലവാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കാനഡയിലെ ഫിറ്റ്‌നസ് ഇൻഡസ്ട്രി കൗൺസിൽ നടത്തിയ പഠനമനുസരിച്ച്, സാമ്പത്തികമായ ബുദ്ധിമുട്ടുകളാണ് ഭൂരിഭാഗം ആളുകളെയും ജിമ്മുകളിൽ നിന്നും വെൽനസ് സെൻ്ററുകളിൽ നിന്നും അകറ്റി നിർത്തുന്നത്.
നിലവിൽ രാജ്യത്തെ ജനസംഖ്യയുടെ 15 മുതൽ 16 ശതമാനം വരെ മാത്രമാണ് ഫിറ്റ്‌നസ് ക്ലബ്ബുകളിൽ അംഗങ്ങളായിട്ടുള്ളത്. ആരോഗ്യകരമായ ഭക്ഷണസാധനങ്ങൾക്ക് നികുതിയിളവ് നൽകുന്നതുപോലെ, ജിം അംഗത്വങ്ങൾക്കും നികുതി ആനുകൂല്യങ്ങൾ നൽകിയാൽ മാത്രമേ കൂടുതൽ ആളുകളെ ഈ രംഗത്തേക്ക് ആകർഷിക്കാൻ കഴിയൂ എന്ന് FIC എക്സിക്യൂട്ടീവ് ഡയറക്ടർ സാക്ക് വെസ്റ്റൺ പറഞ്ഞു. സാധാരണ ജിം അംഗത്വങ്ങൾക്ക് പുറമെ, ബോഡിബിൽഡിംഗ്, ഫിറ്റ്‌നസ് മത്സരങ്ങൾ എന്നിവയിൽ പങ്കെടുക്കുന്നവർക്ക് ചെലവ് താങ്ങാനാവുന്നതിന് അപ്പുറമാണെന്ന് പരിശീലകർ പറയുന്നു.
മിസിസാഗയിലെ എച്ച്‌ടി അത്‌ലറ്റിക് (HT Athletic) ഉടമ സുശാന്ത് ഥാപ്പയുടെ അഭിപ്രായത്തിൽ, വ്യായാമത്തെ ഒരു കരിയർ ആയി കാണുന്നവർക്ക് പരിശീലനം, പ്രത്യേക ഭക്ഷണം, മറ്റ് അനുബന്ധ സൗകര്യങ്ങൾ എന്നിവയ്ക്കായി വൻതുക ചെലവാക്കേണ്ടി വരുന്നു. ഫിറ്റ്‌നസ് മേഖലയിലെ ചെലവ് 10 ശതമാനമെങ്കിലും കുറയ്ക്കാനായാൽ ഏകദേശം 25 ലക്ഷം കാനഡക്കാർക്ക് കൂടി ഫിറ്റ്‌നസ് താങ്ങാനാവുമെന്നും, ഇത് ദീർഘകാലാടിസ്ഥാനത്തിൽ രാജ്യത്തെ ആരോഗ്യമേഖലയിൽ ഒരു ബില്യൺ ഡോളറിൻ്റെ ലാഭമുണ്ടാക്കുമെന്നും കണക്കാക്കപ്പെടുന്നു.