കാൽഗറിയിലെ ചെസ്റ്റർമിയറിൽ വീട്ടിൽ കയറി അക്രമം നടത്തിയ സംഭവത്തിൽ ആർസിഎംപി അന്വേഷണം ഊർജ്ജിതമാക്കി. ഡിസംബർ 22 തിങ്കളാഴ്ച പുലർച്ചെ 5:40-ഓടെ ലേക്ക് വ്യൂ ലാൻഡിംഗിലെ ഒരു വീട്ടിലാണ് സംഭവം നടന്നത്. മുഖംമൂടി ധരിച്ചെത്തിയ രണ്ട് അജ്ഞാതർ വീട്ടിൽ അതിക്രമിച്ചു കയറി ഉടമയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. പരിക്കേറ്റ വീട്ടുടമസ്ഥനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ ഇപ്പോൾ സുഖം പ്രാപിച്ചു വരുന്നതായി പോലീസ് അറിയിച്ചു.
കറുത്ത വസ്ത്രവും മുഖംമൂടിയും ധരിച്ച രണ്ട് പുരുഷന്മാരാണ് അക്രമത്തിന് പിന്നിലെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇവർ സംഭവത്തിന് ശേഷം ഫോർഡ് എഫ്-150 ട്രക്കിലാണ് രക്ഷപ്പെട്ടത്. അക്രമികളെക്കുറിച്ചോ ഈ വാഹനത്തെക്കുറിച്ചോ എന്തെങ്കിലും സൂചന ലഭിക്കുന്നവരും, ലേക്ക് വ്യൂ ലാൻഡിംഗ് പരിസരത്തുള്ള സിസിടിവി (CCTV), ഡാഷ്-ക്യാം ദൃശ്യങ്ങൾ ഉള്ളവരും ഉടൻ തന്നെ പോലീസിനെ അറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. വിവരങ്ങൾ നൽകാൻ 403-204-8777 എന്ന നമ്പറിലോ ക്രൈം സ്റ്റോപ്പേഴ്സ് വഴിയോ ബന്ധപ്പെടാവുന്നതാണ്.