അതിശൈത്യത്തെ തുടർന്ന് യൂക്കോൺ പ്രവിശ്യയിൽ ജനജീവിതം അതീവ ദുസ്സഹമായി. ഫാരോ, കാർമാക്സ് തുടങ്ങിയ പ്രദേശങ്ങളിൽ താപനില മൈനസ് 50 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്നു. ഈ കൊടും തണുപ്പിനെ പ്രതിരോധിക്കാൻ വൈദ്യുതിയുടെ ആവശ്യം വൻതോതിൽ വർധിച്ചിരിക്കുകയാണ്. എന്നാൽ, നിലവിലുള്ള വൈദ്യുതി വിതരണ സംവിധാനത്തിന് ഈ അമിതമായ ആവശ്യം നിറവേറ്റാൻ കഴിയാത്ത അവസ്ഥയാണുള്ളത്. ഇത് അധികൃതരെ ആശങ്കയിലാക്കുന്നുണ്ട്.
ഈ മാസം ആദ്യം മുതൽ തന്നെ താപനില മൈനസ് 30-ന് താഴെയാണെങ്കിലും, നിലവിലെ സാഹചര്യത്തിൽ ഉടനെങ്ങും ആശ്വാസം ലഭിക്കില്ലെന്നാണ് സൂചന. യൂക്കോണിലെ ഈ കാലാവസ്ഥാ വ്യതിയാനത്തിന് പ്രധാന കാരണം ആർട്ടിക് മേഖലയിലെ ഉയർന്ന വായുമർദ്ദമാണെന്ന് കാലാവസ്ഥാ നിരീക്ഷകർ പറയുന്നു. തണുത്ത കാറ്റ് ഭൂമിയുടെ ഉപരിതലത്തിലേക്ക് താഴുന്നതും, അവിടെയുള്ള വായുവിനെ നീക്കം ചെയ്യുന്നതും താപനില വൻതോതിൽ കുറയാൻ കാരണമാകുന്നു. ഇതിനുപുറമെ, ആകാശം മേഘരഹിതമായി തുടരുന്നത് ഭൂമിയിലെ ചൂട് പെട്ടെന്ന് അന്തരീക്ഷത്തിലേക്ക് പുറന്തള്ളാൻ ഇടയാക്കുന്നു. രാത്രികാലങ്ങളിൽ ഈ പ്രതിഭാസം തുടരുന്നതിനാൽ തണുപ്പ് ഇരട്ടിയാകുന്നു.
ശൈത്യം കടുത്തതോടെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നതിനെത്തുടർന്ന് യുക്കോണിലെ പവർ ഗ്രിഡ് അതിൻ്റെ പരമാവധി ശേഷിയോട് അടുക്കുകയാണ്.കഴിഞ്ഞ തിങ്കളാഴ്ച ഈ പ്രദേശത്തെ വൈദ്യുതി ആവശ്യം അതിൻ്റെ ഏറ്റവും ഉയർന്ന നിലയായ 123 മെഗാവാട്ടിൽ എത്തി. നിലവിലെ വൈദ്യുതി വിതരണ സംവിധാനത്തിന് പരമാവധി താങ്ങാൻ കഴിയുന്നത് 140 മെഗാവാട്ട് മാത്രമാണ്. ലഭ്യമായ ശേഷിയുടെ തൊട്ടടുത്ത് വരെ ഉപയോഗം എത്തിയത് വരും ദിവസങ്ങളിൽ വൈദ്യുതി തടസ്സമുണ്ടാകുമോ എന്ന ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. തണുപ്പ് ഇനിയും കൂടിയാൽ ഗ്രിഡിന് അത് താങ്ങാൻ കഴിയാത്ത സാഹചര്യം ഉണ്ടായേക്കാം.