എഡ്മൻ്റണിലെ നാല് പ്രധാന ആശുപത്രികളിൽ മാസ്ക് നിർബന്ധമാക്കിക്കൊണ്ട് ആൽബർട്ട ഹെൽത്ത് സർവീസസ്  ഉത്തരവിറക്കി

By: 600110 On: Dec 26, 2025, 12:31 PM

ശ്വാസകോശ സംബന്ധമായ വൈറസ് രോഗങ്ങൾ പടരുന്നത് തടയാൻ എഡ്മൻ്റണിലെ നാല് പ്രധാന ആശുപത്രികളിൽ മാസ്ക് നിർബന്ധമാക്കിക്കൊണ്ട് ആൽബർട്ട ഹെൽത്ത് സർവീസസ്  ഉത്തരവിറക്കി. റോയൽ അലക്സാണ്ട്ര ഹോസ്പിറ്റൽ, യൂണിവേഴ്സിറ്റി ഓഫ് ആൽബർട്ട ഹോസ്പിറ്റൽ, സ്റ്റോളറി ചിൽഡ്രൻസ് ഹോസ്പിറ്റൽ, ഗ്ലെൻറോസ് റീഹാബിലിറ്റേഷൻ ഹോസ്പിറ്റൽ എന്നിവിടങ്ങളിലാണ് പുതിയ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. രോഗികൾ, സന്ദർശകർ, കൂട്ടിരിപ്പുകാർ എന്നിവർ എമർജൻസി വിഭാഗങ്ങളിൽ പ്രവേശിക്കുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കണമെന്ന്  നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.

ആൽബർട്ടയിൽ ഇൻഫ്ലുവൻസ കേസുകൾ ഗണ്യമായി വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ഈ നടപടി. ഡിസംബർ പകുതിയോടെ രണ്ടായിരത്തിലധികം ഇൻഫ്ലുവൻസ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്, ഇതിൽ ഭൂരിഭാഗവും 'H3N2' വൈറസ് ബാധിച്ചവരാണ്. പ്രായമായവരിലും പ്രതിരോധശേഷി കുറഞ്ഞവരിലും ഈ വൈറസ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ആശുപത്രികൾക്ക് പുറമെ ക്രോസ് ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലും മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്.