വേദന സഹിച്ച് എട്ട് മണിക്കൂർ നീണ്ട കാത്തിരിപ്പിനൊടുവിൽ മലയാളിയായ പ്രശാന്ത് ശ്രീകുമാറിന് ദാരുണാന്ത്യം. കാനഡയിലെ എഡ്മൻ്റണിലുള്ള ഗ്രേ നൺസ് കമ്മ്യൂണിറ്റി ആശുപത്രിയിൽ വെച്ചാണ് മണിക്കൂറുകൾ നേരം വേദന അനുഭവിച്ച് മൂന്ന് മക്കളുടെ പിതാവായ പ്രശാന്ത് ശ്രീകുമാർ അന്തരിച്ചത്.
ഡിസംബർ 22-ന് ജോലിസ്ഥലത്ത് വെച്ച് കഠിനമായ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ എത്തിയതായിരുന്നു അദ്ദേഹം. തീവ്രമായ വേദനയെക്കുറിച്ച് പ്രശാന്തും പിതാവും പലതവണ ആശുപത്രി അധികൃതരോട് പരാതിപ്പെട്ടെങ്കിലും, പ്രാഥമിക പരിശോധനയായ ഇസിജിയിൽ (ECG) കാര്യമായ തകരാറില്ലെന്ന് പറഞ്ഞ് അദ്ദേഹത്തെ വെയിറ്റിംഗ് റൂമിലേക്ക് തിരിച്ചയക്കുകയായിരുന്നു. വേദനാസംഹാരിയായി ടൈലനോൾ മാത്രമാണ് അന്ന് അദ്ദേഹത്തിന് നൽകിയത്. ഒടുവിൽ രാത്രി വൈകി ഡോക്ടറെ കാണാൻ അകത്തേക്ക് വിളിച്ച നിമിഷം തന്നെ അദ്ദേഹം തളർന്നു വീഴുകയായിരുന്നു. പ്രശാന്തിൻ്റെ അപ്രതീക്ഷിത വേർപാടിൻ്റെ ആഘാതത്തിലാണ് കുടുംബം. ആശുപത്രി അധികൃതരുടെ അനാസ്ഥയാണോ മരണ കാരണമായതെന്ന് കുടുംബം സംശയിക്കുന്നുണ്ട്. കാനഡയിലെ ആരോഗ്യസംവിധാനങ്ങളുടെ വീഴ്ചയെക്കുറിച്ച് വലിയ രീതിയിലുള്ള ചർച്ചകൾക്ക് ഈ സംഭവം വഴിവെച്ചിട്ടുണ്ട്.