പഴയ കേസുകള്‍ വില്ലനായി; അമേരിക്കയില്‍ ഗ്രീന്‍ കാര്‍ഡ് ഉടമയെ വിമാനത്താവളത്തില്‍ വെച്ച് തടങ്കലിലാക്കി

By: 600002 On: Dec 26, 2025, 9:21 AM


 

 

പി പി ചെറിയാന്‍


ഹൂസ്റ്റണ്‍: കുട്ടിക്കാലം മുതല്‍ അമേരിക്കയില്‍ താമസിക്കുന്ന കനേഡിയന്‍ പൗരനും ഗ്രീന്‍ കാര്‍ഡ് ഉടമയുമായ കര്‍ട്ടിസ് ജെ. റൈറ്റിനെ (39) വിമാനത്താവളത്തില്‍ വെച്ച് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടങ്കലിലാക്കി. മെക്‌സിക്കോയില്‍ നിന്ന് ബിസിനസ്സ് യാത്ര കഴിഞ്ഞ് മടങ്ങവേ ഹൂസ്റ്റണിലെ ജോര്‍ജ്ജ് ബുഷ് ഇന്റര്‍കോണ്ടിനെന്റല്‍ എയര്‍പോര്‍ട്ടില്‍ വെച്ചാണ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് (ICE) ഇദ്ദേഹത്തെ പിടികൂടിയത്.

22 വര്‍ഷം മുമ്പ്, അതായത് 17-ാം വയസ്സില്‍ നടന്ന ചെറിയൊരു മയക്കുമരുന്ന് കൈവശം വെക്കല്‍ കേസും (Xanax ഗുളിക) പിന്നീട് ഉണ്ടായ ചില ട്രാഫിക്, ആയുധ നിയമ ലംഘനങ്ങളുമാണ് (മിസ്‌ഡെമിനര്‍) നടപടിക്ക് ആധാരമായി ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്. കുറ്റകൃത്യങ്ങള്‍ ഒന്നും തന്നെ ഗൗരവകരമായതോ (Felony) അക്രമാസക്തമായതോ അല്ലെങ്കിലും, പഴയ റെക്കോര്‍ഡുകള്‍ മുന്‍നിര്‍ത്തി ഇദ്ദേഹത്തിന്റെ ഗ്രീന്‍ കാര്‍ഡ് റദ്ദാക്കാനാണ് അധികൃതരുടെ നീക്കം. 

കഴിഞ്ഞ 24 വര്‍ഷമായി അമേരിക്കയില്‍ സ്ഥിരതാമസക്കാരനാണ് റൈറ്റ്.
മൂന്ന് കുട്ടികളും അമേരിക്കന്‍ പൗരയായ പ്രതിശ്രുത വധുവും അടങ്ങുന്ന കുടുംബം ഇദ്ദേഹത്തിന്റെ മോചനത്തിനായി കാത്തിരിക്കുകയാണ്. ക്രിസ്മസ് കാലത്ത് റൈറ്റ് തടങ്കലിലായത് കുടുംബത്തെ മാനസികമായി തളര്‍ത്തിയിട്ടുണ്ട്.

അമേരിക്കയില്‍ നിന്ന് അനധികൃത കുടിയേറ്റക്കാരെയും ക്രിമിനല്‍ പശ്ചാത്തലമുള്ള രേഖകളുള്ളവരെയും പുറത്താക്കാനുള്ള നീക്കം ട്രംപ് ഭരണകൂടം കര്‍ശനമാക്കിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് പതിറ്റാണ്ടുകള്‍ക്ക് മുമ്പുള്ള ചെറിയ കേസുകള്‍ പോലും ഇപ്പോള്‍ ഗ്രീന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഭീഷണിയാകുന്നത്.

നിലവില്‍ ടെക്‌സാസിലെ തടങ്കല്‍ കേന്ദ്രത്തിലുള്ള റൈറ്റിന്റെ കോടതി വാദം ജനുവരി 16-ന് നടക്കും. താനൊരു കുറ്റവാളിയല്ലെന്നും കുടുംബത്തോടൊപ്പം ജീവിക്കാന്‍ അനുവദിക്കണമെന്നുമാണ് റൈറ്റിന്റെ അപേക്ഷ.