ക്രിസ്മസ് ദിനത്തില്‍ കാലിഫോര്‍ണിയയില്‍ അതിശക്തമായ മഴയും പ്രളയവും: മൂന്ന് മരണം

By: 600002 On: Dec 26, 2025, 8:53 AM



 


പി പി ചെറിയാന്‍

കാലിഫോര്‍ണിയ: ക്രിസ്മസ് ദിനത്തില്‍ കാലിഫോര്‍ണിയയുടെ വിവിധ ഭാഗങ്ങളില്‍ ആഞ്ഞടിച്ച ശക്തമായ മഴയിലും പ്രളയത്തിലും മൂന്ന് പേര്‍ മരിച്ചു. പസഫിക് സമുദ്രത്തില്‍ നിന്നുള്ള 'അറ്റ്മോസ്‌ഫെറിക് റിവര്‍'  പ്രതിഭാസത്തെ തുടര്‍ന്നുണ്ടായ മഴ തെക്കന്‍ കാലിഫോര്‍ണിയയില്‍ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്.

സാന്‍ ഡിയാഗോയില്‍ മരം വീണ് 64-കാരനും, റെഡിംഗില്‍ പ്രളയത്തില്‍ കാറിനുള്ളില്‍ കുടുങ്ങി 74-കാരനും, മെന്‍ഡോസിനോ കൗണ്ടിയില്‍ തിരമാലയില്‍പ്പെട്ട് 70-കാരിയുമാണ് മരിച്ചത്.

ലോസ് ഏഞ്ചല്‍സ് ഉള്‍പ്പെടെയുള്ള തെക്കന്‍ കൗണ്ടികളില്‍ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പലയിടങ്ങളിലും ഉരുള്‍പൊട്ടലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളതിനാല്‍ ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ നിര്‍ദ്ദേശിച്ചു.

സംസ്ഥാനത്തുടനീളം ഏകദേശം ഒരു ലക്ഷത്തോളം പേര്‍ വൈദ്യുതിയില്ലാതെ ബുദ്ധിമുട്ടുകയാണ്. സാന്‍ ഫ്രാന്‍സിസ്‌കോ ബേ ഏരിയയില്‍ മണിക്കൂറില്‍ 161 കിലോമീറ്റര്‍ വേഗതയില്‍ വരെ കാറ്റുവീശി.

അവധിക്കാല യാത്രകള്‍ നടക്കുന്ന സമയമായതിനാല്‍ റോഡുകളില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ലോസ് ഏഞ്ചല്‍സ് മേയര്‍ കാരെന്‍ ബാസ് മുന്നറിയിപ്പ് നല്‍കി. പല പ്രധാന പാതകളും വെള്ളപ്പൊക്കം കാരണം അടച്ചിട്ടിരിക്കുകയാണ്.

വെള്ളിയാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.