കാനഡയിലെ വിമാനയാത്രാ നിരക്കുകൾ വരുംകാലങ്ങളിലും ഉയർന്ന നിലയിൽ തന്നെ തുടരാനാണ് സാധ്യതയെന്ന് ഗതാഗത മന്ത്രി സ്റ്റീവൻ മക്കിന്നൻ വ്യക്തമാക്കി. കാനഡയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ, കാലാവസ്ഥ, വിപണി സാഹചര്യങ്ങൾ എന്നിവയാണ് ഇതിന് പ്രധാന കാരണങ്ങളായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. ഉയർന്ന ടിക്കറ്റ് നിരക്കിന് പുറമെ, സൗജന്യ ബാഗേജ് സൗകര്യം നിർത്തലാക്കിയതും യാത്രികരെ ചൊടിപ്പിക്കുന്നുണ്ട്. വെസ്റ്റ്‌ജെറ്റ് , എയർ കാനഡ തുടങ്ങിയ വിമാനക്കമ്പനികൾ ഇപ്പോൾ ബേസിക് ഫെയറുകളിൽ 'കാരി-ഓൺ' ബാഗുകൾക്ക് പോലും പണം ഈടാക്കുന്നുണ്ട്.
വിമാനക്കമ്പനികളുടെ ലാഭക്കൊതി മാത്രമല്ല ഈ മാറ്റങ്ങൾക്ക് പിന്നിലെന്നും രാജ്യത്തിൻ്റെ ഘടനപരമായ പ്രശ്നങ്ങളാണ് നിരക്ക് കൂടാൻ കാരണമെന്നും മന്ത്രി പറഞ്ഞു. കാനഡയുടെ വിസ്തൃതിയും കടുത്ത ശൈത്യകാലാവസ്ഥയും ചിലവ് കുറഞ്ഞ സർവീസുകൾ നടത്തുന്നതിന് തടസ്സമാകുന്നു. വലിയ അന്താരാഷ്ട്ര വിമാനക്കമ്പനികൾ പ്രധാന നഗരങ്ങളെ മാത്രം കേന്ദ്രീകരിക്കുന്നതിനാൽ ചെറിയ പട്ടണങ്ങളിലുള്ളവർ കടുത്ത ബുദ്ധിമുട്ടാണ് നേരിടുന്നത്. പ്രാദേശിക വിമാനക്കമ്പനികൾ ഈ കുറവ് നികത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും അവിടെയും യാത്രാ ചിലവ് കൂടുതലാണ്. വിമാന നിരക്ക് കൂടാൻ കാരണം സർക്കാരിന്റെ നയങ്ങളും വിമാനത്താവളങ്ങളിലെ ഉയർന്ന ഫീസുകളുമാണെന്ന് വിമർശകർ വാദിക്കുന്നു. അമേരിക്കയിലെ വിമാനത്താവളങ്ങളിൽ നിന്ന് വ്യത്യസ്തമായി, കാനഡയിലെ വിമാനത്താവളങ്ങൾ യാത്രക്കാരിൽ നിന്നുള്ള ഫീസിനെയാണ് പ്രധാനമായും ആശ്രയിക്കുന്നത്.
കാനഡയ്ക്കുള്ളിൽ യാത്ര ചെയ്യുന്നതിനേക്കാൾ കുറഞ്ഞ ചിലവിൽ വിദേശ രാജ്യങ്ങളിലേക്ക് പോകാൻ സാധിക്കുമെന്ന് ഗതാഗത മന്ത്രി സ്റ്റീവൻ മക്കിന്നൻ സമ്മതിച്ചു. എങ്കിലും, രാജ്യത്തിൻ്റെ വ്യോമയാന മേഖല ശക്തമായി നിലനിൽക്കാൻ ഇത്തരം സാഹചര്യങ്ങളുമായി പൊരുത്തപ്പെടേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.