കാനഡയിലെ കോണ്ടോ വിപണിൽ പ്രതിസന്ധി തുടരുന്നു. ഈ തകർച്ചയിൽ നിന്നുള്ള ഒരു തിരിച്ചുവരവ് 2026 അവസാനമോ 2027-ലോ മാത്രമേ സാധ്യമാകൂ എന്ന് റീ/മാക്സിൻ്റെ പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നു. വാൻകൂവർ, ടൊറൻ്റോ, കാൽഗറി, എഡ്മൻ്റൺ തുടങ്ങിയ വൻ നഗരങ്ങളിൽ ആവശ്യത്തിലധികം കോണ്ടോകൾ വില്പനയ്ക്കുണ്ട്. ജീവിതച്ചെലവ് വർദ്ധിക്കുന്നതും തൊഴിൽ സുരക്ഷിതത്വത്തെക്കുറിച്ചുള്ള ആശങ്കകളും കാരണം വാങ്ങുന്നവർ കൂടുതൽ ജാഗ്രത പുലർത്തുന്നുണ്ട്. പലിശ നിരക്കുകൾ കുറഞ്ഞെങ്കിലും വിപണിയിൽ ആത്മവിശ്വാസം തിരിച്ചെത്തിയിട്ടില്ല.
വിപണി മെച്ചപ്പെടുന്നതിന് മുന്നോടിയായുള്ള മാറ്റത്തിൻ്റെ വർഷമായാണ് 2026-നെ റീ/മാക്സ് വിലയിരുത്തുന്നത്. വാൻകൂവറിൽ വിൽപനയിൽ 11% കുറവുണ്ടായി. വില ആറ് ഇടിഞ്ഞ് ശരാശരി 765,000 ഡോളറിലെത്തി. കാൽഗറിയിലാണ് ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയത്. വിൽപനയിൽ 28.5 ശതമാനത്തിൻ്റെ കുറവാണ് ഇവിടെ ഉണ്ടായത്. എന്നാൽ വില വലിയ മാറ്റമില്ലാതെ 348,500 ഡോളറിൽ തുടരുന്നു. എഡ്മണിൽ വിപണി താരതമ്യേന സുസ്ഥിരമാണ്. വിൽപന ആറ് ശതമാനം കുറഞ്ഞെങ്കിലും വില 213,000 ഡോളറിലേക്ക് ഉയർന്നു. ടൊറൻ്റോയിലാണ് ഏറ്റവും വലിയ അമിത ലഭ്യത നേരിടുന്നത്. വിൽപന 12 ശതമാനം കുറയുകയും വില 691,000 ഡോളറിലേക്ക് താഴുകയും ചെയ്തു. വില നിലവാരം സ്ഥിരമാകുന്നതോടെ ആദ്യമായി വീട് വാങ്ങുന്നവർ വിപണിയുടെ തിരിച്ചുവരവിന് നേതൃത്വം നൽകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. മൊത്തത്തിൽ, വിപണിയിലെ അധിക സ്റ്റോക്കുകൾ വിറ്റഴിയുന്നതോടെ 2027-ഓടെ കോണ്ടോ മേഖല ശക്തമായി തിരിച്ചുവരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.