ഫ്ലൂ പടർന്നു പിടിക്കുമ്പോൾ കാൽഗറിയിലെ ആശുപത്രികളിലെ Emergency Rooms താങ്ങാനാവാത്ത വിധം രോഗികളെക്കൊണ്ട് നിറയുന്നതായി റിപ്പോർട്ട്. നിലവിലെ സാഹചര്യം അതീവ ഗുരുതരമാണെന്നും വരും ദിവസങ്ങളിൽ ഇത് കൂടുതൽ വഷളാകാൻ സാധ്യതയുണ്ടെന്നും അൽബെർട്ട ഹെൽത്ത് സർവീസസ് ഡോക്ടർമാർക്ക് അയച്ച കുറിപ്പിൽ പറയുന്നു. അടിയന്തര വിഭാഗങ്ങൾ എല്ലാം ഇതിനോടകം തന്നെ രോഗികളെക്കൊണ്ട് നിറഞ്ഞുകഴിഞ്ഞു. ഇതിനുപുറമെ, ആംബുലൻസുകളിൽ എത്തുന്ന ഗുരുതരാവസ്ഥയിലുള്ള രോഗികളെ വേഗത്തിൽ ആശുപത്രിയിലേക്ക് മാറ്റണമെന്ന നിർദ്ദേശം നിലവിലുള്ളത് പ്രതിസന്ധിയുടെ ആഴം കൂട്ടുന്നു. ഇത് ചികിത്സ വൈകുന്നതിനും രോഗികളുടെ സുരക്ഷയെ ബാധിക്കുന്നതിനും കാരണമാകുന്നുണ്ടെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു.
ആശുപത്രികളിലെ തിരക്ക് കുറയ്ക്കുന്നതിനായി, ഒരു രോഗിയെ അഡ്മിറ്റ് ചെയ്യണമോ അതോ ഡിസ്ചാർജ് ചെയ്യണമോ എന്ന കാര്യത്തിൽ നാല് മണിക്കൂറിനുള്ളിൽ തീരുമാനമെടുക്കണമെന്ന് ഡോക്ടർമാർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ സമയപരിധി മറികടന്നാൽ അഡ്മിനിസ്ട്രേറ്റർമാർ നേരിട്ട് ഇടപെടും. ഡിസംബർ 21-ഓടെ ഇൻഫ്ലുവൻസ രോഗികളുടെ എണ്ണം ഏറ്റവും ഉയർന്ന നിലയിൽ എത്തുമെന്നും, ജനുവരി പകുതി വരെ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ (RSV) ബാധിക്കുന്നവരുടെ എണ്ണം വർധിക്കുമെന്നുമാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ.