കാനഡയിലെ യൂക്കോൺ പ്രവിശ്യയിൽ അതിശൈത്യം തുടരുന്ന സാഹചര്യത്തിൽ, വൈദ്യുതി തടസ്സം ഉണ്ടാക്കാൻ സാധ്യതയുണ്ടെന്നും മുൻകരുതൽ എടുക്കണമെന്നും അധികൃതർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. വൈറ്റ്ഹോഴ്‌സിൽ താപനില -40 ഡിഗ്രി സെൽഷ്യസിലും ചിലയിടങ്ങളിൽ -50 ഡിഗ്രി സെൽഷ്യസിലും താഴെ എത്തിയതോടെ പ്രദേശത്തെ വൈദ്യുതി വിതരണ ശൃംഖല കടുത്ത സമ്മർദ്ദത്തിലാണ്. തിങ്കളാഴ്ച യൂക്കോണിലെ വൈദ്യുതി ആവശ്യം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 123 മെഗാവാട്ടിൽ എത്തിയതായി ഊർജ്ജ മന്ത്രി ടെഡ് ലക്കിംഗ് അറിയിച്ചു.
തണുപ്പ് തുടരുകയാണെങ്കിൽ Rolling blackouts സാധ്യതയുണ്ടെന്നും, അത് ഒഴിവാക്കാൻ നിയന്ത്രിതമായി വൈദ്യുതി ഉപയോഗിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
വൈദ്യുതി നിലച്ചാൽ നേരിടാൻ 72 മണിക്കൂർ നേരത്തേക്കുള്ള എമർജൻസി കിറ്റ് തയ്യാറാക്കിവെക്കണമെന്ന് എമർജൻസി മെഷേഴ്സ് ഓർഗനൈസേഷൻ നിർദ്ദേശിച്ചു. ഈ കിറ്റിൽ ടോർച്ച്, ആശയവിനിമയ ഉപകരണങ്ങൾ, ചൂടുള്ള വസ്ത്രങ്ങൾ, മരുന്നുകൾ, വളർത്തുമൃഗങ്ങൾക്കും കുഞ്ഞുങ്ങൾക്കുമുള്ള ഭക്ഷണം എന്നിവ കരുതണം. വീടുകളിൽ ചൂട് നിലനിർത്താൻ ഉപയോഗത്തിലില്ലാത്ത മുറികൾ അടച്ചിടണമെന്നും വിറക് അടുപ്പുകൾ ഉള്ളവർ അത് ഉപയോഗിക്കാൻ സജ്ജമായിരിക്കണമെന്നും ഷെയ്ൻ സ്കാർനുലിസ് പറഞ്ഞു. വരാനിരിക്കുന്ന വാരാന്ത്യത്തിൽ താപനിലയിൽ നേരിയ വർധനവ് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും കടുത്ത ജാഗ്രത തുടരണമെന്നാണ് നിർദ്ദേശം.