കാനഡയിലെ ബാരിയിലുള്ള ജോർജിയൻ മാളിലെ ജ്വല്ലറിയിൽ അതിക്രമിച്ചു കയറി മോഷണം നടത്തിയ അഞ്ച് കൗമാരക്കാരെ പോലീസ് അറസ്റ്റ് ചെയ്തു

By: 600110 On: Dec 25, 2025, 1:11 PM

 

കാനഡയിലെ ബാരിയിലുള്ള ജോർജിയൻ മാളിലെ ജ്വല്ലറിയിൽ അതിക്രമിച്ചു കയറി മോഷണം നടത്തിയ അഞ്ച് കൗമാരക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. ഡിസംബർ 19-ന് ഉച്ചയ്ക്ക് 2:30-ഓടെയാണ് സിനിമാ സ്റ്റൈലിൽ കവർച്ച നടന്നത്. മുഖംമൂടി ധരിച്ചെത്തിയ പ്രതികൾ ഡിസ്‌പ്ലേ കേസുകൾ തകർക്കുകയും തടയാൻ ശ്രമിച്ചവർക്ക് നേരെ പെപ്പർ സ്പ്രേ പ്രയോഗിക്കുകയും ചെയ്തു. ഇതിനിടെ ഡ്യൂട്ടിയിലില്ലാതിരുന്ന പോലീസ് ഉദ്യോഗസ്ഥർ ഒരു 14-കാരനെ സംഭവസ്ഥലത്തുനിന്ന് തന്നെ പിടികൂടി.

ടൊറന്റോയിൽ നിന്ന് മോഷ്ടിച്ച കാറിൽ രക്ഷപ്പെട്ട മറ്റ് നാല് പ്രതികളെ തിരച്ചിലിനൊടുവിൽ ഒന്റാറിയോ പ്രൊവിൻഷ്യൽ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു. ഇവരുടെ വാഹനം റോഡരികിലെ കുഴിയിൽ വീണ നിലയിലായിരുന്നു. ടൊറന്റോ, ബ്രാംപ്ടൺ എന്നിവിടങ്ങളിൽ നിന്നുള്ള 14-നും 17-നും ഇടയിൽ പ്രായമുള്ളവരാണ് പിടിയിലായ അഞ്ച് പേരും. കവർച്ച നടത്തിയ ആഭരണങ്ങൾ അടങ്ങിയ ബാഗ് പോലീസ് കണ്ടെടുത്തു. അതിക്രമം നടത്തിയുള്ള കവർച്ച, ആയുധം കൈവശം വെക്കൽ,  മോഷണമുതൽ കൈവശം വെക്കൽ തുടങ്ങി നിരവധി കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. പെപ്പർ സ്പ്രേ ഏൽക്കേണ്ടി വന്ന മാളിലെ സന്ദർശകർക്ക് പാരാമെഡിക്കൽ വിദഗ്ധർ ചികിത്സ നൽകി. പ്രതികളെ പിടികൂടാൻ സഹായിച്ച പൊതുജനങ്ങളെയും ഉദ്യോഗസ്ഥരെയും ബാരി പോലീസ് ചീഫ് റിച്ച് ജോൺസ്റ്റൺ അഭിനന്ദിച്ചു