ക്രിസ്മസ് തലേന്ന് ഫോര്‍ട്ട് വര്‍ത്തില്‍ എടിഎം കവര്‍ച്ചാ ശ്രമം: കട തകര്‍ത്ത് മെഷീന്‍ പുറത്തേക്ക് വലിച്ചിഴച്ചു

By: 600002 On: Dec 25, 2025, 10:45 AM



 

പി പി ചെറിയാന്‍

ഫോര്‍ട്ട് വര്‍ത്ത് (ടെക്‌സസ്): ക്രിസ്മസ് തലേന്ന് പുലര്‍ച്ചെ ഫോര്‍ട്ട് വര്‍ത്തിലെ ഒരു കണ്‍വീനിയന്‍സ് സ്റ്റോറില്‍ സിനിമയെ വെല്ലുന്ന രീതിയില്‍ എടിഎം കവര്‍ച്ചാ ശ്രമം. മോഷ്ടിച്ച എസ്യുവി (SUV) ഉപയോഗിച്ച് എടിഎം മെഷീന്‍ കെട്ടിവലിച്ചെങ്കിലും ശ്രമം പരാജയപ്പെട്ടു.

ബുധനാഴ്ച പുലര്‍ച്ചെ 3:45-ഓടെ സൗത്ത് ചെറി സ്ട്രീറ്റിലെ കടയിലാണ് സംഭവം നടന്നത്. മോഷ്ടിച്ച വാഹനത്തില്‍ മെറ്റല്‍ കേബിള്‍ ഘടിപ്പിച്ച് എടിഎം മെഷീന്‍ കടയുടെ ഗ്ലാസ് വാതിലുകള്‍ തകര്‍ത്ത് പുറത്തേക്ക് വലിച്ചിഴയ്ക്കുകയായിരുന്നു. വാഹനം ഓടിച്ചു പോകുന്നതിനിടെ എടിഎം വേര്‍പെട്ടുപോയി. തുടര്‍ന്ന് ഐ-30 (I-30) സര്‍വീസ് റോഡില്‍ മെഷീന്‍ ഉപേക്ഷിച്ച നിലയില്‍ പോലീസ് കണ്ടെത്തി.

കൃത്യത്തിന് ഒരു മണിക്കൂര്‍ മുമ്പ് ഡാളസില്‍ നിന്ന് മോഷ്ടിച്ച എസ്യുവിയാണ് പ്രതികള്‍ ഉപയോഗിച്ചത്. ഇത് സംഭവസ്ഥലത്തിന് സമീപത്തുനിന്ന് ഉപേക്ഷിക്കപ്പെട്ട നിലയില്‍ പോലീസ് കണ്ടെടുത്തു.

കറുത്ത ഹൂഡി, മാസ്‌ക്, ഓറഞ്ച് ഗ്ലൗസ് എന്നിവ ധരിച്ച രണ്ട് പേരാണ് ദൃശ്യങ്ങളിലുള്ളത്. ഇവര്‍ക്കായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. സമീപ നഗരങ്ങളില്‍ നടന്ന സമാനമായ മോഷണങ്ങളുമായി ഇവര്‍ക്ക് ബന്ധമുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.

എന്തെങ്കിലും വിവരങ്ങള്‍ ഉള്ളവര്‍ ഡിറ്റക്ടീവ് ജിയോവാനി റാമിറസിനെ 817-246-7070, എക്സ്റ്റന്‍ഷന്‍ 420 എന്ന നമ്പറിലും, 817-469-TIPS എന്ന നമ്പറില്‍ ടാരന്റ് കൗണ്ടി ക്രൈം സ്റ്റോപ്പേഴ്സിനും ബന്ധപ്പെടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.