ആൽബർട്ടയിലെ കാലഹരണപ്പെട്ട ഹെഡ്‌ലൈറ്റ് നിയമങ്ങൾ പരിഷ്കരിക്കണമെന്ന് ആവശ്യം ഉയരുന്നു

By: 600110 On: Dec 25, 2025, 8:04 AM

 

വാഹനങ്ങളിലെ ഹെഡ്‌ലൈറ്റുകളുടെ അമിത പ്രകാശം കാഴ്ചയെ തടസ്സപ്പെടുത്തുന്നത് ഡ്രൈവർമാർക്കിടയിൽ വലിയ ചർച്ചൾക്ക് ഇടയാക്കിയതിനെ തുടർന്നാണിത്. പഴയ ഹാലൊജൻ ബൾബുകൾക്ക് പകരം പുതിയ വാഹനങ്ങളിൽ എൽ.ഇ.ഡി (LED) ലൈറ്റുകൾ ഉപയോഗിക്കുന്നതാണ് ഇതിന് പ്രധാന കാരണം. എൽഇഡി ബൾബുകൾ കൂടുതൽ തീവ്രമായ പ്രകാശമാണ് പുറത്തുവിടുന്നത്. ഇത് എതിർദിശയിൽ നിന്ന് വരുന്ന ഡ്രൈവർമാരുടെ കണ്ണുകളെ പെട്ടെന്ന് അന്ധമാക്കിയേക്കാം.

കാനഡയിലെ ഹെഡ്‌ലൈറ്റ് നിയമങ്ങൾ പഴയ ഹാലൊജൻ ബൾബുകളെ അടിസ്ഥാനമാക്കിയുള്ളതാണ്. പുതിയ LED സാങ്കേതികവിദ്യയ്ക്ക് അനുസൃതമായി ഈ നിയമങ്ങളിൽ മാറ്റം വരുത്തണമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ലൈറ്റുകൾ ശരിയായ ദിശയിലല്ല ഘടിപ്പിച്ചിരിക്കുന്നത് എങ്കിൽ പ്രകാശം നേരെ മറ്റ് ഡ്രൈവർമാരുടെ കണ്ണുകളിലേക്ക് പതിക്കും. കൂടാതെ, ഗുണനിലവാരമില്ലാത്ത ആഫ്റ്റർ മാർക്കറ്റ് ലൈറ്റുകളും ഈ പ്രശ്നം രൂക്ഷമാക്കുന്നുണ്ട്. യൂറോപ്യൻ രാജ്യങ്ങളിൽ അഡാപ്റ്റീവ് ഹെഡ്‌ലൈറ്റുകൾ നിർബന്ധമാണ്. സാഹചര്യങ്ങൾക്കനുസരിച്ച് പ്രകാശം തനിയെ ക്രമീകരിക്കാൻ ഇവയ്ക്ക് സാധിക്കും. എന്നാൽ വടക്കേ അമേരിക്കയിൽ ഇത്തരം സംവിധാനങ്ങൾ അത്ര വ്യാപകമല്ല. 

പരാതികൾ ലഭിക്കുന്നുണ്ടെങ്കിലും പുതിയ നിയമങ്ങൾ ഉടൻ നടപ്പിലാക്കാൻ ആൽബർട്ട ഗതാഗത മന്ത്രാലയം തീരുമാനിച്ചിട്ടില്ല. എന്നാൽ ഫെഡറൽ അധികൃതർ അന്താരാഷ്ട്ര നിലവാരത്തിനനുസരിച്ച് പുതിയ മാറ്റങ്ങൾ കൊണ്ടുവരാനുള്ള പഠനങ്ങൾ നടത്തിവരികയാണ്.