കാനഡയിലെ അജാക്സിലുള്ള ആമസോൺ വെയർഹൗസിൽ നിന്ന് 20 ലക്ഷം ഡോളറിലധികം മൂല്യമുള്ള സാധനങ്ങൾ മോഷ്ടിച്ച കേസിൽ രണ്ട് ജീവനക്കാർ ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിലായി. കഴിഞ്ഞ രണ്ട് വർഷമായി നടന്നുവന്ന ആസൂത്രിതമായ തട്ടിപ്പാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
കഴിഞ്ഞ മാസമാണ് ആമസോൺ അധികൃതർ തങ്ങളുടെ വെയർഹൗസിൽ സാധനങ്ങൾ കുറയുന്നതായി ഡർഹം പോലീസിൽ പരാതി നൽകിയത്. തുടർന്ന് നടന്ന അന്വേഷണത്തിനൊടുവിൽ ഡിസംബർ 15-ന് രണ്ട് ജീവനക്കാരെ പോലീസ് പിടികൂടി. ഇവരെ ചോദ്യം ചെയ്തതിലൂടെയാണ് തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമായത്. പ്രതികളുമായി ബന്ധമുള്ള സ്കാർബറോയിലെ ഒരു വീട്ടിൽ നടത്തിയ പരിശോധനയിൽ 2,50,000 ഡോളർ വിലവരുന്ന അത്യാധുനിക ഇലക്ട്രോണിക് ഉപകരണങ്ങളും 50,000 ഡോളർ പണവും കണ്ടെടുത്തു. ഇവിടെ വെച്ച് മൂന്ന് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ന്യൂമാർക്കറ്റിലെ ഒരു സ്റ്റോറേജ് ലോക്കറിൽ നിന്ന് 1,30,000 ഡോളർ മൂല്യമുള്ള കൂടുതൽ ഇലക്ട്രോണിക് സാധനങ്ങൾ കൂടി പോലീസ് പിടിച്ചെടുത്തു.
ന്യൂമാർക്കറ്റ് സ്വദേശിയായ മെഹുൽ ബൽദേവ്ഭായ് പട്ടേൽ (36), സ്കാർബറോ സ്വദേശി ആശിഷ് കുമാർ സവാനി (31) എന്നിവരാണ് മോഷ്ടിച്ചതിനും തട്ടിപ്പിനും പ്രധാനമായും കേസിക്കപ്പെട്ടവർ. ബൻസാരി സവാനി (28), യഷ്, ജാൻവിബെൻ ധമേലിയ എന്നിവർക്കെതിരെ മോഷണമുതൽ കൈവശം വെച്ചതിനും വിറ്റഴിച്ചതിനും കേസെടുത്തിട്ടുണ്ട്.അറസ്റ്റിലായ അഞ്ച് പേരെയും കർശന വ്യവസ്ഥകളോടെ ജാമ്യത്തിൽ വിട്ടു. ഇവർ വരും ദിവസങ്ങളിൽ കോടതിയിൽ ഹാജരാകേണ്ടതുണ്ട്.