കാനഡയിൽ വൈദ്യസഹായത്തോടെയുള്ള മരണം നിയമവിധേയമായതിനുശേഷം ഇതുവരെ ഈ മാർഗ്ഗം തിരഞ്ഞെടുത്തത് 76,475 പേർ. ഇത് വലിയ ചർച്ചകൾക്ക് വഴി വച്ചിരിക്കുകയാണ്. കാനഡയെപ്പോലൊരു രാജ്യത്ത് ഈ സംഖ്യ ഇത്രയധികം ഉയരുന്നത് ശരിയാണോ എന്നാണ് ചർച്ചകൾ ഉയർന്നിട്ടുള്ളത്. അന്തസ്സോടെയുള്ള മരണമെന്ന ആശയത്തെ ചിലർ അനുകൂലിക്കുമ്പോൾ ഈ പദ്ധതി ഡെത്ത് തെറാപ്പിയായി പ്രോത്സാഹിപ്പിക്കപ്പെടുന്നുണ്ടോ എന്നാണ് വിമർശകരുടെ ആശങ്ക.
മരിക്കാനുള്ള അവകാശം വ്യക്തിസ്വാതന്ത്ര്യത്തിൻ്റെ ഭാഗമാണെന്നും, സഹിക്കാനാവാത്ത വേദനയിൽ നിന്ന് ഇത് മോചനം നൽകുന്നുവെന്നുമാണ് ഇതിനെ അനുകൂലിക്കുന്നവർ വാദിക്കുന്നത്. രോഗികളുടെ കുടുംബാംഗങ്ങൾ പലപ്പോഴും ഈ പ്രക്രിയയെ വളരെ ശാന്തവും മാനുഷികവുമായ ഒന്നായിട്ടാണ് വിശേഷിപ്പിക്കുന്നത്. നിയമം വന്നതോടെ, കാലങ്ങളായി ഈ ഒരാവശ്യം ആഗ്രഹിച്ചിരുന്നവർ അത് തെരഞ്ഞെടുക്കുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
എന്നാൽ ഈ പദ്ധതി "മരണ ചികിത്സ" ആയി പ്രോത്സാഹിപ്പിക്കപ്പെടുന്നുണ്ടോ എന്നാണ് വിമർശകർ ആശങ്കപ്പെടുന്നത്. മതിയായ സാമ്പത്തിക-സാമൂഹിക പിന്തുണ ലഭിക്കാത്ത പാർശ്വവൽക്കരിക്കപ്പെട്ട ആളുകൾ, മറ്റൊരു വഴിയില്ലാതെ ഈ മാർഗ്ഗം തിരഞ്ഞെടുക്കാൻ നിർബന്ധിതരാകുമോ എന്നും ആശങ്കയുണ്ട്. നിലവിലുള്ള നിയമങ്ങൾ ദുരുപയോഗം ചെയ്യപ്പെടാതിരിക്കാനുള്ള സുരക്ഷാ സംവിധാനങ്ങൾ എത്രത്തോളം ശക്തമാണെന്ന കാര്യത്തിലും തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. മാനസികരോഗം മാത്രം കാരണമായി MAID തിരഞ്ഞെടുക്കാനുള്ള അനുമതി നൽകുന്നത് 2027 വരെ സർക്കാർ നീട്ടിവെച്ചിട്ടുണ്ട്.