കനേഡിയൻ സമ്പദ്‌വ്യവസ്ഥയിൽ വൻ ഇടിവ്; മൂന്ന് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വളർച്ച

By: 600110 On: Dec 24, 2025, 1:25 PM

 

 

കാനഡയുടെ സമ്പദ്‌വ്യവസ്ഥ ഒക്ടോബർ മാസത്തിൽ അപ്രതീക്ഷിതമായി 0.3 ശതമാനം ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിലെ ഏറ്റവും വലിയ തിരിച്ചടിയാണിത്. ഉൽപ്പാദന മേഖലയിലും സേവന മേഖലയിലുമുണ്ടായ തളർച്ചയാണ് ഈ ഇടിവിന് പ്രധാന കാരണമായതെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.

അമേരിക്ക ഏർപ്പെടുത്തിയ വ്യാപാര നിയന്ത്രണങ്ങളുമായി രാജ്യം പൊരുത്തപ്പെട്ടു വരുന്ന സാഹചര്യത്തിൽ 0.2 ശതമാനം ഇടിവാണ് വിദഗ്ധർ പ്രവചിച്ചിരുന്നതെങ്കിലും, യഥാർത്ഥ കണക്കുകൾ അതിലും മോശമാവുകയായിരുന്നു. പ്രതിരോധ മേഖലയിലെ ചെലവ് വർധിപ്പിച്ചതിലൂടെ സെപ്റ്റംബറിൽ നേരിയ വളർച്ച നേടാനായതിനെ തുടർന്ന് കാനഡ സാങ്കേതികമായി സാമ്പത്തിക മാന്ദ്യത്തിൽ  നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടിരുന്നു. നിർമ്മാണ മേഖലയിൽ 1.5 ശതമാനവും ഖനന മേഖലയിൽ 0.6 ശതമാനവും കുറവുണ്ടായിട്ടുണ്ട്. പ്രത്യേകിച്ച് മരത്തടി ഉൽപന്നങ്ങളുടെ നിർമ്മാണത്തിൽ 7.3 ശതമാനത്തിന്റെ ഇടിവാണുണ്ടായത്;

2020 ഏപ്രിലിന് ശേഷമുള്ള ഏറ്റവും വലിയ തകർച്ചയാണിത്. ഒക്ടോബറിൽ അമേരിക്ക അധിക താരിഫ് ഏർപ്പെടുത്തിയതാണ് ഇതിന് തിരിച്ചടിയായത്. കൂടാതെ, കാനഡ പോസ്റ്റ് തൊഴിലാളികളുടെ പണിമുടക്കും ആൽബർട്ട പ്രവിശ്യയിലെ അധ്യാപക സമരവും സേവന മേഖലയെ പ്രതികൂലമായി ബാധിച്ചു. എങ്കിലും നവംബർ മാസത്തിൽ സമ്പദ്‌വ്യവസ്ഥ 0.1 ശതമാനം വളർച്ചയോടെ തിരിച്ചുവരവ് നടത്തുമെന്നാണ് സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ വിലയിരുത്തൽ.