ആൽബർട്ടയിലെ പാരാമെഡിക്കുകൾ നേരിടുന്ന കടുത്ത ജോലിഭാരത്തെക്കുറിച്ചും ആംബുലൻസ് കാത്തിരിപ്പ് സമയം വർധിക്കുന്നതിനെക്കുറിച്ചും ആശങ്കകൾ പങ്കുവച്ച് എഡ്മൻ്റണിൽ നിന്നുള്ള പാരാമെഡിക്കായ അലക്സ് റോബ് . നിലവിലെ സാഹചര്യം താങ്ങാനാവുന്നതിലും അപ്പുറമാണെന്നാണ് അദ്ദേഹം പറയുന്നത്. കഴിഞ്ഞ പത്ത് വർഷമായി അഡ്വാൻസ്ഡ് കെയർ പാരാമെഡിക്കായി സേവനമനുഷ്ഠിച്ച് വരികയാണ് അലക്സ് റോബ് .
സഹായം തേടുന്ന രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുമ്പോഴും മതിയായ ജീവനക്കാരില്ലാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ജീവനക്കാരെ ജോലിയിൽ നിലനിർത്തുന്നതാണ് തങ്ങൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് ആൽബർട്ടയിലെ പാരാമെഡിക് യൂണിയനും വ്യക്തമാക്കിയിട്ടുണ്ട്. ജോലിഭാരം വർധിച്ചതോടെ നിശ്ചിത 12 മണിക്കൂർ ഷിഫ്റ്റുകൾ പലപ്പോഴും 14 മണിക്കൂർ വരെ നീളുകയാണെന്ന് അലക്സ് റോബ് ചൂണ്ടിക്കാട്ടി.
നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സഹായം തേടിയുള്ള വിളികൾ വരുമ്പോൾ ആംബുലൻസുകൾ പരക്കം പായേണ്ടി വരുന്നു. സൈറൺ മുഴക്കി ഒരിടത്തേക്ക് പോകുമ്പോൾ തന്നെ മറ്റൊരു അടിയന്തിര സന്ദേശം ലഭിക്കുന്നതിലൂടെ തിരിച്ചു പോകേണ്ടി വരുന്ന സാഹചര്യവുമുണ്ട്. ആംബുലൻസിനായി ഏറെ നേരം കാത്തുനിൽക്കുന്ന രോഗികളുടെ ദുരവസ്ഥ നേരിട്ട് കാണുന്നത് വലിയ മാനസിക വിഷമമുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു