ബാഫ് സൺഷൈൻ വില്ലേജിൽ ചെയർലിഫ്റ്റിൽ നിന്ന് വീണ് യുവതിക്ക് പരിക്ക്. ഏകദേശം 12 മീറ്റർ ഉയരത്തിൽ നിന്നാണ് 18 വയസ്സുള്ള യുവതി നിലത്തേക്ക് വീണത്. വീഴ്ചയ്ക്ക് തൊട്ടുപിന്നാലെ ഇവർക്ക് അടിയന്തര ശുശ്രൂഷ ഉറപ്പാക്കി. യുവതി ലിഫ്റ്റിൽ തൂങ്ങിക്കിടക്കുന്നതിൻ്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. നിലത്ത് വെച്ച് പാരാമെഡിക്കൽ സംഘം അവർക്ക് ചികിത്സ നൽകുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. അപകടകരമല്ലാത്ത പരിക്കുകളോടെ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ അവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
ഇത്തരം അപകടങ്ങൾ വളരെ അപൂർവമാണെന്നും സുരക്ഷയ്ക്കാണ് തങ്ങൾ എപ്പോഴും മുൻഗണന നൽകുന്നതെന്നും റിസോർട്ട് വക്താവ് വ്യക്തമാക്കി. അപകടം എങ്ങനെ സംഭവിച്ചു എന്നതിനെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും സ്‌കി റിസോർട്ടിന്റെ പ്രവർത്തനം സാധാരണ നിലയിൽ തുടരുമെന്നും അധികൃതർ അറിയിച്ചു. സ്ഥലത്തുണ്ടായിരുന്ന ഇ.എം.എസ് ജീവനക്കാർ വളരെ വേഗത്തിൽ പ്രതികരിച്ചതായി സൺഷൈൻ വില്ലേജ് സ്ഥിരീകരിച്ചു.