ഗാല്‍വെസ്റ്റണ്‍ ബേയില്‍ വിമാനം തകര്‍ന്നു വീണു: അഞ്ച് മരണം

By: 600002 On: Dec 23, 2025, 10:33 AM



 

പി പി ചെറിയാന്‍

ഗാല്‍വെസ്റ്റണ്‍ (ടെക്‌സസ്) : തിങ്കളാഴ്ച മെക്‌സിക്കോയില്‍ നിന്നുള്ള ഒരു മെഡിക്കല്‍ വിമാനം ഗാല്‍വെസ്റ്റണ്‍ ബേയില്‍ തകര്‍ന്നുവീണ് അഞ്ച് പേര്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അധികൃതര്‍ പറഞ്ഞു.

ഗാല്‍വെസ്റ്റണ്‍ കോസ്വേയുടെ പടിഞ്ഞാറ് ഭാഗത്താണ് അപകടം നടന്നത്. ഉച്ചകഴിഞ്ഞ് 3:15 ഓടെ സംഭവത്തെക്കുറിച്ച് യുണൈറ്റഡ് സ്റ്റേറ്റ്‌സ് കോസ്റ്റ് ഗാര്‍ഡിന് ഒരു കോള്‍ ലഭിച്ചു, ഉടന്‍ തന്നെ അവര്‍ പ്രതികരിച്ചു. സംഭവസ്ഥലത്തു നിന്നുള്ള വീഡിയോയില്‍ കുറഞ്ഞത് ഒരു കുട്ടിയെയെങ്കിലും വെള്ളത്തില്‍ നിന്ന് വലിച്ചെടുത്ത് ആംബുലന്‍സില്‍ കയറ്റുന്നത് കാണിച്ചു. ഒരാളെ കാണാതായിട്ടുണ്ട്.

മെക്‌സിക്കോയിലെ മെറിഡയില്‍ നിന്നും ഗാല്‍വെസ്റ്റണിലെ ആശുപത്രിയിലേക്ക് പൊള്ളലേറ്റ കുഞ്ഞിനെ ചികിത്സയ്ക്കായി എത്തിച്ച വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ലാന്റിംഗിന് തൊട്ടുമുന്‍പായിരുന്നു അപകടം.

മരിച്ചവരില്‍ ചികിത്സയ്ക്കായി കൊണ്ടുപോയ കുട്ടിയും ഒരു ഡോക്ടറും മൂന്ന് നാവികസേനാ ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു.

കനത്ത മൂടല്‍മഞ്ഞ് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചെങ്കിലും, കോസ്റ്റ് ഗാര്‍ഡും മറ്റ് ഏജന്‍സികളും ചേര്‍ന്ന് രണ്ട് പേരെ ജീവനോടെ രക്ഷപ്പെടുത്തി.

അന്വേഷണം: അപകടകാരണം വ്യക്തമല്ല. യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അതോറിറ്റിയും നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡും അന്വേഷണം ആരംഭിച്ചു.

വിമാനത്തിലുണ്ടായിരുന്നവര്‍ മെക്‌സിക്കന്‍ നാവികസേനയുടെ മാനുഷിക ദൗത്യത്തിന്റെ ഭാഗമായി യാത്ര ചെയ്തവരാണെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു.