അതീവ ഗുരുതരമായ പക്ഷിപ്പനി (HPAI) ബാധിച്ച് ആൽബർട്ടയിൽ ഒരു വളർത്തുനായ ചത്തതായി പ്രവിശ്യാ ചീഫ് വെറ്ററിനറി ഓഫീസ് സ്ഥിരീകരിച്ചു. കാനഡയിൽ പക്ഷിപ്പനി ബാധിച്ച് ഒരു നായ ചാവുന്ന രണ്ടാമത്തെ സംഭവമാണിത്. 2023-ൽ ഒൻ്റാരിയോയിലെ ഒഷാവയിലാണ് സമാനമായ ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്. ചത്ത നായ ഒരു കാട്ടുപക്ഷിയെ ഭക്ഷിച്ചതിലൂടെയാണ് രോഗബാധയുണ്ടായതെന്ന് അധികൃതർ അറിയിച്ചു. നായയുടെ മൃതദേഹം കാൽഗറി സർവകലാശാലയിൽ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് പക്ഷിപ്പനിയുടെ സാന്നിധ്യം കണ്ടെത്തിയത്.
പത്ത് വയസ്സുള്ള ഗോൾഡൻ ഡൂഡിൽ ഇനത്തിൽപ്പെട്ട നായയാണ് ചത്തത്. ഇതിനകം തന്നെ പ്രതിരോധശേഷിയുമായി ബന്ധപ്പെട്ട മറ്റ് അസുഖങ്ങൾക്ക് ചികിത്സയിലായിരുന്ന ഈ നായ, വെറ്ററിനറി ഡോക്ടറുടെ അടുത്തെത്തിച്ച് നാലാം ദിവസമാണ് മരണപ്പെട്ടത്. നായയ്ക്ക് മുൻപേ ഉണ്ടായിരുന്ന ആരോഗ്യപ്രശ്നങ്ങൾ രോഗം ഗുരുതരമാകാൻ കാരണമായിട്ടുണ്ടാകാമെന്ന് ഡെപ്യൂട്ടി ചീഫ് പ്രൊവിൻഷ്യൽ വെറ്ററിനറി ഓഫീസർ പറഞ്ഞു. പക്ഷിപ്പനി പടരുന്ന സാഹചര്യത്തിൽ വളർത്തുമൃഗങ്ങളുടെ കാര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് വെറ്ററിനറി ഡോക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.